തൊണ്ണൂറുകാരിയുടെ മാലപൊട്ടിച്ച് ചവിട്ടിവീഴ്ത്തി കൊലപ്പെടുത്തിയ പ്രതികള്‍ അറസ്റ്റില്‍

കൊല്ലം ചടയമംഗലത്ത് വഴിയാത്രക്കാരിയായ തൊണ്ണൂറുകാരിയുടെ മാലപൊട്ടിച്ചശേഷം ചവിട്ടിവീഴ്ത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍ . തിരുവനന്തപുരം വെട്ടുതുറ സ്വദേശി ജ്യോതിഷ്, തൃശൂര്‍ എരിഞ്ഞേലി സ്വേദശി അജീഷ് എന്നിവരാണ് ചടയമംഗലം പൊലീസിന്‍റെ പിടിയിലായത്. 

ഇക്കഴിഞ്ഞ ഒാഗസ്റ്റ്  മാസം ഇരുപത്തിയെട്ടിനായിരുന്നു സംഭവം.  ഇളമാട് തേവന്നൂര്‍ സ്വദേശിയ തൊണ്ണൂറുകാരി പാറുക്കുട്ടിയമ്മയാണ് മരിച്ചത്.  ഉച്ചയ്ക്ക് മകളുടെ വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്.  പാറുക്കുട്ടിയമ്മയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്‍റെ മാലപൊട്ടിച്ചശേഷം റോഡിലേക്ക് ചിവിട്ടിവീഴ്ത്തുകയായിരുന്നു.  വീഴ്ചയുടെ ആഘാതത്തിൽ നട്ടല്ലിന് ഗുരുതരമായി പരുക്കേറ്റ പാറുക്കുട്ടിയമ്മയെ  ആദ്യം  പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിക്കുകയും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യനിലവഷളായതോടെ  കഴിഞ്ഞമാസം  14ന്  പാറുക്കുട്ടിയമ്മ മരിച്ചു.  

നട്ടെല്ലിനുള്‍പ്പെടെ ശരീരഭാഗങ്ങള്‍ക്കേറ്റ  ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ട റിപ്പോർട്ട്.  സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളുടെ ചിത്രം തയ്യാറാക്കിയ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.  തിരുവനന്തപുരം, കൊല്ലം പൊലീസ് സംയുക്തമായി നടത്തിയ നീക്കത്തിനൊടുവില്‍ തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ കുളച്ചിലില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.  ചോദ്യംചെയ്യലിൽ സംസ്ഥാനത്ത് നിരവധി മാല മോഷണക്കേസുകളിലും വാഹന മോഷണ കേസുകളിലും ഇവര്‍ പ്രതികളാണെന്ന വിവരങ്ങൾ കണ്ടെത്തി .കോട്ടയം തൃശൂർ ജില്ലകളിൽ മോഷണ കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 

ജയിലിൽ വച്ചാണ് പ്രതികള്‍  പരിചയപ്പെടുന്നത്. തുടർന്ന് ആറ് മാസക്കാലത്തോളം കൊല്ലം ജില്ലയിലെ നിലമേൽ എൻഎസ്എസ് കോളേജിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരും ബൈക്കില്‍ കറങ്ങിനടന്ന് മാലമോഷണം പതിവാക്കിയിരുന്നു.  ഇതിനിടെയാണ് പാറുക്കുട്ടിയമ്മയും ഇവരുടെ ഇരയായത്.  സംഭവസ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ച പ്രതികൾക്കുനേരെ ജനരോഷം ഉയർന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു .