കാറിൽ കടത്തിയ ഒരു കോടി രൂപയുടെ നിരോധിത കറന്‍സി പിടികൂടി

മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഒരു കോടി രൂപയുടെ നിരോധിത കറന്‍സി പിടികൂടി. കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചു കടത്തുമ്പോഴാണ് രണ്ടംഗസംഘം അറസ്റ്റിലായത്.

അങ്ങാടിപ്പുറത്ത് വച്ച് വാഹനപരിശോധനക്കിടെയാണ് നിരോധിത നോട്ട് കണ്ടെത്തിയത്. കാറിന്റെ ഡോറിനോട് ചേര്‍ന്ന രഹസ്യഅറയിലായിരുന്നു നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. നോട്ടു കടത്തിയ മലപ്പുറം പനങ്ങാങ്ങര സ്വദേശി അബു, കോഴിക്കോട് കുന്നത്തുപാലം സ്വദേശി ശങ്കരന്‍ എന്നിവരാണ് അറസ്റ്റിലായത്. നിരോധിച്ച അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ പെരിന്തല്‍മണ്ണയിലെ സംഘത്തിന് കൈമാറാനാണ് കൊണ്ടുവന്നത്.

 ഒരു കോടി രൂപയുടെ നിരോധിച്ച നോട്ടിന് പകരം 25 ലക്ഷം രൂപ കൈമാറാമെന്ന ധാരണയിലാണ് സംഘമെത്തിയത്. നിരോധിച്ച നോട്ടു കൈമാറാമെന്ന് അറിയിച്ച് ഇടപാട് ഉറപ്പിച്ച ശേഷം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമെല്ലാം മുന്‍കൂറായ കൈപ്പറ്റിയ ശേഷം മുങ്ങാറുമുണ്ടെന്നാണ് പ്രതികളുടെ മൊഴി. പെരിന്തല്‍മണ്ണയില്‍ മാത്രം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 18 കോടിയുടെ നിരോധിത നോട്ടുശേഖരമാണ് പിടികൂടിയത്.