നിധിക്കായി ഖനനം; വിലപിടിപ്പുള്ളത് കിട്ടിയെന്ന് ചിലർ; അന്വേഷണത്തിന് രഹസ്യാന്വേഷണ വിഭാഗവും

കോഴിക്കോട് അത്തോളി വേളൂരിലെ നിധിശേഖരത്തിനായുള്ള ഖനനം രഹസ്യാന്വേഷണ വിഭാഗവും പരിശോധിക്കും. തട്ടിപ്പിന് പിന്നില്‍ മന്ത്രവാദികളുള്‍പ്പെടെ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായ നാട്ടുകാരുടെ പരാതിയും പരിശോധിക്കും. പുരാവസ്തു വകുപ്പിന്റെ സഹായം തേടാനും ശ്രമങ്ങളുണ്ട്. 

മണ്ണ് നീക്കി വെറും കൈയ്യോടെ മടങ്ങിയെന്ന് ഒരുവിഭാഗം. എന്നാല്‍ ചില വിലപിടിപ്പുള്ള സാധനം സംഘത്തിന് കിട്ടിയെന്ന് മറുപക്ഷം. ഭൂവുടമയുടെ അറിവോടെയാണ് മണ്ണ് നീക്കിയതെന്നും മറ്റ് പല സ്ഥലങ്ങളിലും സമാനമായ രീതിയില്‍ നിധിശേഖരം കണ്ടെത്താനുള്ള ശ്രമം നടന്നതായും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് മുന്‍കാലങ്ങളില്‍ സമാന തട്ടിപ്പുമായി സജീവമായിരുന്ന സംഘങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. നിര്‍ദേശം നല്‍കിയ മന്ത്രവാദി. മണ്ണ് നീക്കം ചെയ്തവര്‍ക്കുള്ള പങ്ക്. 

വിലപിടിപ്പുള്ള വസ്തുവിന്റെ സാന്നിധ്യമുണ്ടായിരുന്നോ എന്ന പുരാവസ്ത് വകുപ്പിന്റെ പരിശോധന തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണപരിധിയില്‍ വരും. നൂറിലധികം വര്‍ഷം ആയുസുള്ള ഈന്ത് മരത്തിന് ചുവട്ടില്‍ വിലപിടിപ്പുള്ള സാധനങ്ങളുണ്ടാകുമെന്നത് പലയിടങ്ങളിലെ പ്രചരണമാണ്. സമീപ പ്രദേശങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ഖനനം നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും. സമഗ്ര അന്വേഷണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. 

ആദ്യഘട്ടത്തില്‍ നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ വിവരം ധരിപ്പിച്ചിരുന്നെങ്കിലും കാര്യമായ ഇടപെടലുണ്ടായില്ലെന്നും വിമര്‍ശനമുണ്ട്. പൂജാദ്രവ്യങ്ങളും തകിടും വിഗ്രഹവുമുള്‍പ്പെടെ ദൃശ്യങ്ങള്‍ കാണിച്ചതിന് ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.