ഓട്ടോ ഡ്രൈവറുടെ കൊലപാതകം; അന്വേഷണം ഊർജിതമാക്കി പൊലീസ്

പാലക്കാട് വള്ളിക്കോട് പാറയ്ക്കലിൽ ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. സദാചാര  കൊലപാതകമെന്നാണ് സൂചനയെങ്കിലും വ്യക്തി വൈരാഗ്യവും പൊലീസ് അന്വേഷിക്കുന്നു.  ഇന്നലെ രാത്രിയാണ് പാറയ്ക്കൽ കുണ്ടുകാട്  ഷെമീറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.  

ഇന്നലെ രാത്രി നടന്ന കൊലപാതകത്തിൽ  ഫോറൻസിക് സംഘം  സ്ഥലത്തെത്തി പരിശോധന നടത്തി.  പൊലീസ് തെളിവുകൾ ശേഖരിച്ചു. ഷെമീറിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കമ്പികളും കല്ലും കണ്ടെത്തി. മുട്ടിക്കുളങ്ങര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് മരിച്ച ഷെമീർ. വള്ളിക്കോട് പാറയ്ക്കലിലെ ഒരു വീട്ടിലേക്കു ഓട്ടോയിൽ വരുമ്പോൾ മൂന്ന് യുവാക്കൾ ഓട്ടോ തടഞ്ഞു നിർത്തി ഷെമീറിനെ മർദിച്ചു. ഷെമീറിന്റെ തലയിലും ദേഹത്തും മർദനമേറ്റ പാടുകളുണ്ട്. പട്ടികക്കഷണവും ഗ്രാനൈറ്റ് പാളി കൊണ്ടും തലയ്ക്ക് അടിച്ച് രക്തം വാർന്നാണ് മരിച്ചത് .  

ബൈക്കുകളിലെത്തിയ അക്രമി സംഘത്തിനായി പൊലീസ് തിരച്ചിൽ തുടങ്ങി. നാട്ടുകാരിൽ ചിലർ  പൊലീസിന് നൽകിയ മൊഴി പ്രകാരം സദാചാര കൊലപാതകമാണെന്ന വിവരത്തിലും അന്വേഷണം തുടങ്ങി.  പ്രദേശത്തെ ചില യുവാക്കളുമായുള്ള വ്യക്തി വൈരാഗ്യവും കൊലപാതകത്തിന് കാരണമായേക്കാം. മരിച്ച ഷെമീർ അവിവാഹിതനാണ്. പാലക്കാട് ഡിവൈഎസ്പി ജി.ഡി. വിജയകുമാറിൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം.