പുരുഷന്മാരുമായി സൗഹൃദം നടിച്ച് വീട്ടിലെത്തിച്ച് തട്ടിപ്പ്; യുവതി പിടിയിൽ

പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ചു വീട്ടിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും കവർച്ച ചെയ്യുന്ന മേലാറന്നൂർ സ്വദേശി സുഗതകുമാരിയെ(38) കരമന പൊലീസ് അറസ്റ്റ് ചെയ്തു. പാറശാല സ്വദേശി ഗംഗാധരൻ കരമന പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.നഗരത്തിലെ പല സ്ഥലങ്ങളിലായി വീടുവാടകയ്ക്കെടുത്തതിനുശേഷമായിരുന്നു ഇതെന്നു പൊലീസ് പറഞ്ഞു.  

കവർച്ചയ്ക്കുശേഷം വീടു മാറും. കവർച്ച ചെയ്ത ആഭരണങ്ങൾ പണയം വച്ച് ആർഭാട ജീവിതമാണു നയിച്ചു വന്നത്. ഇവർക്കെതിരെ മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ രണ്ടു മാലമോഷണ കേസുകൾ നിലവിലുണ്ട്. ഒരു കേസിൽ ശിക്ഷ കഴിഞ്ഞു മാസങ്ങൾക്കു മുമ്പാണു പുറത്തിറങ്ങിയത്. കരമന സബ് ഇൻസ്പെക്ടർ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞയാഴ്ച കിഴക്കേക്കോട്ടയിൽ വച്ചാണു ഗംഗാധരനും സുഗതകുമാരിയും പരിചയപ്പെട്ടത്. ഗംഗാധരന്റെ മൊബൈൽ ഫോണിൽ നിരന്തരം വിളിച്ചു ബന്ധം സ്ഥാപിച്ചശേഷം ഇയാളെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു. താനും മകളും മാത്രമേ വീട്ടിലുള്ളൂ എന്നു പറഞ്ഞാണു പരാതിക്കാരനെ ക്ഷണിച്ചത്.  ഓട്ടോറിക്ഷയിൽ ഇരുവരും മേലാറന്നൂർ റെയിൽവേ ക്രോസിനടുത്തുള്ള സുഗതകുമാരിയുടെ വാടകവീട്ടിലേക്ക് എത്തി. 

വീടിനകത്തു കയറിയ ഉടനെ സുഗതകുമാരി കതകടച്ചു കുറ്റിയിട്ട ശേഷം സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടു.വിസമ്മതിച്ച ഗംഗാധരനെ, തന്നെ മാനഭംഗപ്പെടുത്തി എന്നു പറഞ്ഞു നാട്ടുകാരെ വിളിച്ചുകൂട്ടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. അതോടെ അഞ്ചര പവന്റെ മാലയും മോതിരവും ഊരി നൽകുകയായിരുന്നു. പരാതി ലഭിച്ചതിനെത്തുടർന്നു കരമന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സ്വർണാഭരണങ്ങൾ മണക്കാട്ടുള്ള സ്വർണപ്പണയ സ്ഥാപനത്തിൽനിന്നു കണ്ടെടുത്തു.