ഇടുക്കിയിൽ 19 കാരനായ അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയിൽ

ഇടുക്കി ശാന്തന്‍പാറയില്‍ 19 വയസുകാരനായ അന്തര്‍സംസ്ഥാന മോഷ്ടാവ്  പിടിയില്‍. കേരള തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിരവധി മോഷണങ്ങള്‍ നടത്തിട്ടുള്ള ശാന്തന്‍പാറ  സ്വദേശി വനരാജിനെയാണ്  പോലീസ് പിടികൂടിയത്. മദ്യത്തിനും കഞ്ചാവിനും അടിമയായ പത്തൊമ്പതു വയസ്സുകാരനായ യുവാവ് ലഹരി പദാര്‍ഥങ്ങള്‍ വാങ്ങുന്നതിനുവേണ്ടിയാണ് മോഷണം നടത്തുന്നത്. 

കഴിഞ്ഞ ദിവസങ്ങളില്‍ പേത്തൊട്ടി ഭാഗത്ത് നിരവധി വീടുകളില്‍ മോഷണശ്രമങ്ങള്‍ നടക്കുകയും മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. കൂടാതെ ജില്ലാബാങ്കിന്റെ ശാന്തന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന എ.റ്റി.എം.കൗണ്ടറും ശാന്തന്‍പാറ ഗണപതി ക്ഷേത്രത്തിന്റെ ഭണ്ഡാരവും കുത്തിപൊളിക്കാന്‍ ശ്രമം നടന്നു. ശാന്തന്‍പാറ സി.ഐ.ചന്ദ്രകുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എസ്.ഐ.വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ്   പേത്തൊട്ടി ആലപ്പുഴ എസ്റ്റേറ്റില്‍ നിന്ന്  വനരാജ് പിടിയിലാകുന്നത്. 

ചെറുപ്പം മുതല്‍ നിരവധി മോഷണകേസുകളില്‍ പ്രതിയാണ് ഇയാള്‍ 2016 -ല്‍ പെരിയകനാലില്‍ ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിപൊളിച്ചതിന് ഇയാളെ ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്തൊമ്പതു വയസ്സിനുള്ളില്‍ കേരളത്തിന് അകത്തും പുറത്തും നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഈ ചെറുപ്പക്കാരന്‍ എന്ന് പോലീസ് പറഞ്ഞു.

സ്ഥിരം കഞ്ചാവ് ഉപയോഗിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ആളാണ് പ്രതിയെന്നും മദ്യത്തിനും കഞ്ചാവിനും വേണ്ടി പണം കണ്ടെത്തുന്നതിനായിരുന്നു  മോഷണമെന്നും നാട്ടുകാര്‍ പറയുന്നു. . എസ്.ഐ.വിനോദ് കുമാര്‍, എ.എസ്.ഐ.മാരായ ബൈജു, സോമരാജന്‍, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്