തിരുവനന്തപുരത്തു കഞ്ചാവ് റെയ്ഡ്, പത്ത് കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം ജില്ലയില്‍ രണ്ടിടങ്ങളിലായി നടന്ന പരിശോധനയില്‍ പത്ത് കിലോ കഞ്ചാവ് പിടികൂടി. അമരവിളയിലും നെയ്യാറ്റിന്‍കരയിലുമാണ് എക്സൈസ് സംഘവും റയില്‍വെ പോലിസും ചേര്‍ന്ന് കഞ്ചാവ് പിടിച്ചെടുത്തത്. രണ്ട് പേരെ കസ്റ്റഡിയിലുമെടുത്തു. 

കേരള തമിഴ്നാട് അതിര്ത്തിയായ അമരവിളയില്‍ നൊങ്ക് കച്ചവടത്തിന്റെ മറവിലാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. അമരവിള സ്വദേശി സതീഷ്കുമാറാണ് വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്. എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ ആറ് കിലോ കഞ്ചാവ് കണ്ടെടുത്തു. സ്ഥിരം യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കുമായി ചില്ലറ വില്‍പ്പനയ്ക്കായാണ് കഞ്ചാവ് എത്തിച്ചിരുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു. പിടിയിലായ സതീഷ്കുമാര്‍ കൊലപാതകകേസിലും പ്രതിയാണ്. 

ചെന്നൈയില്‍ നിന്ന് കൊല്ലം ഭാഗത്തേക്ക് വരികയായിരുന്ന അനന്തപുരം എക്സ്പ്രസില്‍ നിന്നാണ് മറ്റൊരു കഞ്ചാവ് കേസ് പിടികൂടിയത്. കോട്ടയം എരുമേലി സ്വദേശി ഗിരീഷാണ് കഞ്ചാവ് കടത്തിയത്. റയില്‍വെ പൊലീസാണ് ഗിരീഷിനെ പിടികൂടിയത്. പ്രതിയെ എക്സൈസ് സംഘത്തിന് കൈമാറി.