മാഹിയിൽ നിരോധിത പുകയില ഉൽപന്നം വിറ്റവർ പിടിയിൽ

മാഹിയിൽ രണ്ട് ദിവസംകൊണ്ട് പിടികൂടിയത് ഒരുലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ. രണ്ടു കേസുകളിലായി കണ്ണൂർ ജില്ലക്കാരായ മൂന്നുപേരെ പള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തു. 

ശിവപുരം സ്വദേശി പി.കെ.അർഷാദിനെയാണ് പള്ളൂർ എസ്.ഐ.സെന്തിൽകുമാറും സംഘവും ഇന്ന് പിടികൂടിയത്. കാറിലാണ് നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ചത്. 5700 പായ്ക്കറ്റ് കൂൾലിപ്പും, 1860 പായ്ക്കറ്റ് ഹാൻസും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നാണ് ഇവ കൊണ്ടുവന്നത്. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇന്നലെ രണ്ടംഗ സംഘത്തെയും പളളൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൊകേരി സ്വദേശി അഷ്‌റഫ്, പന്ന്യന്നൂർ സ്വദേശി അജിത്ത് എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് അഞ്ഞൂറ്റിയറുപത് പായ്ക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളാണ് കണ്ടെടുത്തത്. വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.