അധ്യാപികയുടെ മരണത്തിൽ ദുരൂഹതയെന്നു ബന്ധുക്കൾ

സ്കൂൾ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അധ്യാപികയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. കഴിഞ്ഞ സെപ്റ്റംബർ 22ന് ആണ് ആലുവയിലെ സായ് വിഹാർ സ്കൂളിൽ, അധ്യാപികയായ ചാലക്കുടി സ്വദേശി സുജാതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുജാതയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ആലുവ റൂറൽ എസ്പി ഓഫിസിലേക്ക് മാർച്ച് നടത്തി. 

സെപ്റ്റംബർ 22ന് രാവിലെ 7.00 മണിയോടെയാണ് ആലുവ സായ് വിഹാർ സ്കൂളിലെ അധ്യാപികയായ സുജാത മരിച്ചതായി സ്കൂളിൽ നിന്ന് ബന്ധുക്കൾക്ക് അറിയിപ്പ് ലഭിക്കുന്നത്. ആശുപത്രിയിലെത്തിയ ബന്ധുക്കൾ സ്വാഭാവിക മരണമെന്ന് കരുതി മൃതദേഹം ഏറ്റുവാങ്ങി. സ്കൂൾ അധികൃതരുടെ നിർബന്ധത്തെ തുടർന്ന് പോസ്റ്റ് മോർട്ടം നടത്തിയ ശേഷമാണ് മൃതദേഹം ദഹിപ്പിച്ചത്. പിന്നീടാണ് സുജാത സ്കൂൾ കെട്ടിടത്തിന്റെ കൈവരിയിൽ തൂങ്ങി മരിച്ചതാണെന്ന വിവരം ബന്ധുക്കൾ അറിയുന്നത് 

തൂങ്ങിമരിച്ച നിലയിൽ സുജാതയെ കണ്ട ഹോസ്റ്റലിലെ കുട്ടികളെ കള്ളമൊഴി നൽകാൻ അധികൃതർ പ്രേരിപ്പിച്ചതായി ബന്ധുക്കൾ പറയുന്നു. കുട്ടികളെക്കൊണ്ട് കെട്ടഴിപ്പിക്കുകയും സ്ഥലം വൃത്തിയാക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. 

സുജാതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംഭവദിവസം രാവിലെ പൊതുപ്രവർത്തകർ പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ സ്കൂൾ മാനേജർക്കെതിരെ നടപടിയുണ്ടായില്ല. സ്കൂളിൽ നിന്ന് ജോലിനിർത്തി വീട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ സുജാത ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കൾ പറയുന്നു.