റയാന്‍ സ്കൂള്‍ കൊലപാതകം; തന്നെ കുടുക്കിയതെന്ന് അശോക് കുമാര്‍

റയാന്‍ സ്കൂള്‍ കൊലക്കേസില്‍ ഹരിയാന െപാലീസ് ക്രൂരമായി മര്‍ദിച്ച് കൊലപാതകക്കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് ബസ് കണ്ടക്ടര്‍ അശോക് കുമാര്‍. സിബിഐ അന്വേഷണം നടന്നതുകൊണ്ട് മാത്രമാണ് തന്‍റെ നിരപരാധിത്വം തെളിഞ്ഞത്. ജയില്‍മോചിതനായി ഗുരുഗ്രാമിലെ വീട്ടിലെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അശോക് കുമാര്‍. 

ഗുരുഗ്രാം റയാന്‍ സ്കൂളിലെ ഏഴ് വയസുകാരന്‍ പ്രഥ്യുമന്‍ ഠാക്കൂറിന്‍റെ കൊലപാതകത്തില്‍ സെപ്റ്റംബര്‍ എട്ടിനാണ് അശോക് കുമാറിനെ ഹരിയാന െപാലീസ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട മര്‍ദനവും ഭീഷണിയും. ഗരുഡന്‍ തൂക്കം തുടങ്ങി മൂന്നാംമുറകള്‍ പൊലീസ് പ്രയോഗിച്ചു. നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഫലമുണ്ടായില്ല. പൊതുജനങ്ങളുടെ പ്രതിഷേധമുയര്‍ന്ന സംഭവമാണെന്നും കുറ്റം സമ്മതിക്കുന്നതാണ് നല്ലതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞുകൊണ്ടിരുന്നു. കുറ്റം സമ്മതിച്ചാല്‍ മാത്രം മതിയെന്നും രക്ഷപ്പെടാനുളള പഴുതുകള്‍ കേസ് രേഖകളില്‍ ഉണ്ടാകുമെന്നും ചില പൊലീസുകാര്‍ വാഗ്ദാനം ചെയ്തു. 

സിബിഐ യഥാര്‍ഥ പ്രതിയെ പിടികൂടിയത് കൊണ്ട് മാത്രമാണ് ഭര്‍ത്താവ് രക്ഷപ്പെട്ടതെന്ന് അശോക് കുമാറിന്‍റെ ഭാര്യ പറഞ്ഞു. സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച മാധ്യമങ്ങളോടും നന്ദി മാത്രം. സ്കൂളിലെ ശുചിമുറിക്ക് സമീപം രക്തത്തില്‍ കുളിച്ചുകിടന്ന ഏഴുവയസുകാരനെ സ്കൂള്‍ അധികൃതര്‍ പറഞ്ഞതനുസരിച്ചാണ് ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചത്. അത് അശോകിന് തന്നെ വിനയായെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സിബിഐയുടെ അന്വേഷണത്തില്‍ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. തുടര്‍ന്ന് അശോക് കുമാറിന് ജയില്‍ മോചനത്തിന് വഴി തെളിയുകയായിരുന്നു.