അപകടകാരണം ഫോം വർക്കിലെ അപാകത; മേൽപ്പാലം തകർന്നതിൽ പൊതുമരാമത്ത് വകുപ്പിന്റെ പരിശോധന

കാസർകോട് പെരിയയിൽ മേൽപ്പാലം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിലെ ക്വാളിറ്റി വിഭാഗം മേധാവികൾ സ്ഥലത്തെത്തി പരിശോധന നടത്തി. കോൺക്രീറ്റ് ചെയ്യാനുപയോഗിച്ച ഫോം വർക്കിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം  പരിശോധനയ്ക്കായി എൻ.ഐ.ടി സംഘം എത്താത്തതില്‍  പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.നിർമാണം ഏറ്റെടുത്ത  കരാർ കമ്പനി മേഘാ കൺസ്ട്രക്ഷൻസിനെതിരെ ബേക്കൽ പൊലിസ് കേസെടുത്തതിന്റെ തുടർ നടപടിയായാണ് പൊതുമരാമത്ത് വകുപ്പ് പരിശോധനയ്ക്ക് എത്തിയത്. ക്വാളിറ്റി കൺട്രോൾ വിഭാഗം മെറ്റീരിയൽസ്  എൻജിനീയർ അനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

നിർമാണത്തിലെ സാങ്കേതിക പിഴവാണ് അപകടത്തിന് കാരണമെന്നാണ് സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. കൂടുതൽ പരിശോധനയ്ക്കായി നിർമാണത്തിനുപയോഗിച്ച കമ്പിയും, സിമെൻറും സംഘം ശേഖരിച്ചു. അതേ സമയം എൻ.ഐ.ടി സംഘത്തിന്റെ പരിശോധന വൈകുന്നതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ഉയരുന്നുണ്ട്. കോഴിക്കോട്, സൂറത്തുക്കൽ എൻ.ഐ.ടികളിൽ നിന്നുള്ള വിദഗ്ധ സംഘം നാളെ പരിശോധനയ്ക്ക് എത്തുമെന്നാണ് സൂചന.

Public Works Department's inspection of flyover collapse in Periya

MORE IN KERALA