'ഓരോ വീട്ടിലും പന്ന്യൻ രവീന്ദ്രനുള്ള സ്വീകാര്യത അത്ഭുതപ്പെടുത്തി': വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ആര്യ രാജേന്ദ്രൻ

Untitled design - 1
SHARE

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് ഓരോ വീട്ടിൽ നിന്നും ലഭിക്കുന്ന സ്വീകാര്യത തന്നെ അത്ഭുതപെടുത്തിയെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. മൂന്നരവർഷം മാത്രമാണ് അദ്ദേഹം എംപിയായി പ്രവർത്തിച്ചത്. എന്നാൽ പുതിയ തലമുറക്കാർക്ക് ഉൾപ്പെടെ എല്ലാവർക്കും അദ്ദേഹം പരിചിതനാണ്. എൽഡിഎഫിന് അനുകൂലമായ ഒരു തരംഗം ജനങ്ങൾക്കിടയിൽ ഉണ്ട്. അത് വാക്ക് പാലിക്കുന്നവരാണെന്ന വിശ്വാസമാണ്, തെറ്റായ കാര്യങ്ങൾക്ക് കൂട്ട് നിൽക്കില്ലെന്ന വിശ്വാസമാണ്, ഏത് പ്രതിസന്ധിയിലും ഒപ്പമുണ്ടാകുമെന്ന വിശ്വാസമാണ്. ജനങ്ങളുടെ ആ വിശ്വാസവും സ്നേഹവും കരുതലും അതെ അളവിൽ തിരികെ കൊടുക്കാൻ മനസും കഴിവുമുള്ള സ്ഥാനാർത്ഥിയാണ് പന്ന്യൻ രവീന്ദ്രനെന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു. 

ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം  

തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് എന്റെ വാർഡിലെ ഗൃഹസന്ദർശന പരിപാടിയിൽ ആയിരുന്നു പങ്കെടുത്തത്. ഓരോ വീട്ടിലും സഖാവ് പന്ന്യൻ രവീന്ദ്രനുള്ള സ്വീകാര്യത അത്ഭുതപെടുത്തുന്നതായിരുന്നു. മൂന്നരവർഷം മാത്രമാണ് അദ്ദേഹം എംപിയായി പ്രവർത്തിച്ചത്. എന്നാൽ പുതിയതലമുറക്കാർക്ക് ഉൾപ്പെടെ എല്ലാവർക്കും സഖാവ് പരിചിതനാണ്. 

കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന ശത്രുതാപരമായ നിലപാടുകളെ കുറിച്ചും നമ്മുടെ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാൻ നടത്തുന്ന നീക്കങ്ങളും അതിനെതിരെ സംസ്ഥാനസർക്കാരും എൽഡിഎഫും നടത്തുന്ന പ്രതിരോധങ്ങളും പോരാട്ടങ്ങളും ഇതിലൊക്കെ കോൺഗ്രസ്സ് സ്വീകരിക്കുന്ന വഞ്ചനാപരമായ നിലപാടും രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദളിത് ആദിവാസി വിഭാഗങ്ങളും നേരിടുന്ന കടുത്ത അവഗണനയും ആക്രമണങ്ങളും എല്ലാം ഓരോ വീട്ടിലും ചർച്ചയാകുന്നുണ്ട് എന്ന് പ്രതികരണങ്ങളിൽ നിന്ന് മനസിലായി. ഇത്തരം വസ്തുതകൾ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് അറിയുന്നത് എന്നും പലരും സൂചിപ്പിച്ചു. 

സ്‌കൂളുകളും ആശുപത്രികളും റോഡുകളും എല്ലാം വികസിപ്പിക്കുന്നതിലും നവീകരിക്കുന്നതിലും എൽഡിഎഫ് സർക്കാരും നഗരസഭയും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണയാണ് പൊതുവിൽ കണ്ടത്. റോഡ് വികസനവുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുള്ളത് താൽക്കാലികമാണെന്ന് അത് സംബന്ധിച്ച് ചൂണ്ടികാണിച്ചവരോട് പറഞ്ഞു. ഇപ്പോൾ അല്പം ബുദ്ധിമുട്ടിയാലും ജോലികളൊക്കെ തീർന്ന് കഴിയുമ്പോൾ കൂടുതൽ മെച്ചപ്പെട്ട റോഡും സൗകര്യങ്ങളും നമുക്ക് ഉണ്ടാകും. 

നമ്മുടെ നാടിന്റെ വികസനം നേടിയെടുക്കുന്നത് നമ്മളെല്ലാവരും ചേർന്നാണ്. പൊതുവിൽ വളരെ പോസിറ്റീവായ പ്രതികരണങ്ങളാണ് എല്ലായിടത്തും കണ്ടത്. എൽഡിഎഫിന് അനുകൂലമായ ഒരു തരംഗം ജനങ്ങൾക്കിടയിൽ ഉണ്ട്. അത് വാക്ക് പാലിക്കുന്നവരാണെന്ന വിശ്വാസമാണ്, തെറ്റായ കാര്യങ്ങൾക്ക് കൂട്ട് നിൽക്കില്ലെന്ന വിശ്വാസമാണ്, ഏത് പ്രതിസന്ധിയിലും ഒപ്പമുണ്ടാകുമെന്ന വിശ്വാസമാണ്. ജനങ്ങളുടെ ആ വിശ്വാസവും സ്നേഹവും കരുതലും അതെ അളവിൽ തിരികെ കൊടുക്കാൻ മനസും കഴിവുമുള്ള സ്ഥാനാർത്ഥിയാണ് സഖാവ് പന്ന്യൻ രവീന്ദ്രൻ. വമ്പിച്ച ഭൂരിപക്ഷത്തിൽ സഖാവ് വിജയിച്ച് വരും.

Arya Rajendran facebook post Supporting Pannyan Raveendran

MORE IN KERALA
SHOW MORE