‘മഴ വന്നാല്‍ കുഴി വരുമെന്ന് പറയുന്നത് ആദ്യം’; സര്‍ക്കാരിന് പരിഹാസം

റോഡ് നിർമാണത്തിൽ വീഴ്ച്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. കുറ്റക്കാരായ എഞ്ചിനീയർമാരെ വിളിച്ചുവരുത്താൻ തീരുമാനിച്ചാൽ ഹൈക്കോടതിക്ക് സമീപം പിഡബ്ല്യുഡി ഓഫീസ് തുറക്കേണ്ടിവരുമെന്നും കോടതി പരിഹസിച്ചു.  ആലുവ -പെരുമ്പാവൂർ റോഡ് പത്ത് ദിവസത്തിനകം ഗതാഗത യോഗ്യമാക്കാനും കോടതി ഇടക്കാല ഉത്തരവിൽ നിർദ്ദേശം നൽകി

ആലുവ-പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ്  യാത്രക്കാരൻ മരിച്ച സംഭവത്തിൽ എഞ്ചിനീയർമാരെ വിളിച്ചു വരുത്തിയായിരുന്നു ഹൈക്കോടതിയുടെ വിമർശനം. പൊതുമരാമത്ത് റോഡിലെ കുഴികൾ കാരണം  ആയിരക്കണക്കിന് ജനങ്ങളാണ്  ദുരിതം പേറുന്നതെന്ന് കോടതി വിമർശിച്ചു. ജനം പ്രതിഷേധിച്ചതുകൊണ്ടാണ് ആലുവ പെരുമ്പാവൂർ റോഡ് തകർച്ച  കോടതിയുടെ ശ്രദ്ധയിൽ വന്നത്. റോഡ് മോശമായതിൽ ഏതെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു.  റോഡിലെ കുഴികളുടെ കാര്യം ശ്രദ്ധയിൽപെട്ടിട്ടും ചീഫ് എഞ്ചിനിയർ ഒന്നും ചെയ്തില്ല. റോഡിൽ കുഴികളുണ്ടായിട്ടും മുന്നറിയിപ്പ് ബോർഡ് വെക്കാതിരുന്നതിന് കോടതി  ഉദ്യോഗസ്ഥരെ വിമർശിച്ചു.  ഒരാളുടെ മരണംവരെ കുഴി അടക്കാൻ കാത്തുനിന്നു. മരണം നടന്നപ്പോൾ എങ്ങനെയാണ് പെട്ടെന്ന് കുഴി അടച്ചതെന്നും കോടതി ചോദിച്ചു. കിഫ്ബി നിർദ്ദേശമുള്ളതുകൊണ്ടാണ് അറ്റക്കുറ്റപ്പണി നടത്താതിരുന്നതെന്ന് എഞ്ചിനീയർമാർ വ്യക്തമാക്കി. അങ്ങനെയെങ്കിൽ അത് ഇരുചക്രവാഹനയാത്രക്കാർക്കുള്ള മരണവാറണ്ടായി മാത്രമേ കാണാൻ കഴിയൂവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. 

കുറ്റക്കാരെ വിളിച്ചുവരുത്താൻ തീരുമാനിച്ചാൽ ഹൈക്കോടതി പരിസരത്ത് പൊതുമരാമത്ത് വകുപ്പ് ഓഫീസ് തുറക്കേണ്ടിവരുമെന്നും കോടതി പരിഹസിച്ചു. മഴയാണ് കുഴികൾക്ക് കാരണമെന്ന ന്യായീകരണത്തെയും കോടതി വിമർശിച്ചു. മഴയുണ്ടെങ്കിൽ കുടയെടുക്കണമെന്ന് പറയാറുണ്ട്. എന്നാൽ കുഴി രൂപപ്പെടുമെന്ന് കേൾക്കുന്നത് ആദ്യമായാണ്. ആലുവ പെരുമ്പാവൂർ റോഡിലെ കുഴികൾ അടക്കാൻ വൈകിയതിന് ജനകീയ പ്രതിഷേധവും കാരണമായെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.  പത്ത് ദിവസത്തിനകം ഈ റോഡിലെ  അറ്റകുറ്റപ്പണി പൂർത്തിയാക്കി  ഗതാഗത യോഗ്യമാക്കാൻ  ഇടക്കാല ഉത്തരവിൽ കോടതി നിർദ്ദേശം നൽകി.