'കോടതി വിളക്കി'ൽ ജഡ്ജിമാർ വേണ്ട; മതേതര സ്ഥാപനമെന്ന് ഹൈക്കോടതി; വിലക്ക്

ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്കിന്റെ നടത്തിപ്പിൽ നിന്നും ജഡ്ജിമാർ വിട്ടുനിൽക്കണമെന്ന് ഹൈക്കോടതി. കോടതി വിളക്ക് എന്ന പേര് ഉപയോഗിക്കുന്നത് അസ്വീകാര്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തൃശ്ശൂർ ജില്ലാ ജഡ്ജിക്ക് ഹൈക്കോടതി കത്ത് അയച്ചു.

ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കോടതിവിളക്കിന്റെ നടത്തിപ്പിൽ നിന്നും ജുഡീഷ്യൽ ഓഫീസർമാർ വിട്ടുനിൽക്കണം എന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി തൃശ്ശൂർ ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ജില്ലാ ജഡ്ജിക്ക്  കത്തയച്ചു.  നേരിട്ടോ അല്ലാതെയോ ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാർ കോടതി വിളക്കിന്റെ നടത്തിപ്പിൽ പങ്കാളികളാകരുതെന്നാണ് കത്തിലെ നിർദേശം.   കോടതികൾ ഒരു മതത്തിന്റെ പരിപാടിയിൽ ഭാഗമാകുന്നത് ശരിയല്ല. മതനിരപേക്ഷ സ്ഥാപനം എന്ന നിലയിൽ ഇത് അംഗീകരിക്കാനാവില്ല. ഇതര മതസ്ഥരായവർക്ക് നിർബന്ധിതമായി ഈ ആഘോഷവുമായി സഹകരിക്കേണ്ടി വരും എന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും കത്തിൽ പറയുന്നു. കത്തിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. 

ചാവക്കാട് മുൻസിഫ് കോടതി ജീവനക്കാരാണ് ബ്രിട്ടിഷ് ഭരണകാലത്ത് വിളക്ക് തുടങ്ങിയത്. പിന്നീട് ചാവക്കാട് ബാർ അസോസിയേഷൻ ചടങ്ങ് ഏറ്റെടുത്തു. ബാർ  അസോസിയേഷൻ അംഗങ്ങൾ ഒറ്റയ്ക്കോ കൂട്ടായോ വിളക്കിന്റെ നടത്തിപ്പിൽ പങ്കാളികളാകുന്നതിൽ എതിർപ്പില്ലെന്നും ഹൈക്കോടതിയിൽ നിന്ന് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

kerala high court ban judges from participating court lamp ceremony in guruvayoor temple