സാമുദായിക സംഘടനകളുടെ ഭൂമി ഇടപാടുകള്‍ അന്വേഷിക്കണം: ഹൈക്കോടതി

മത സാമുദായിക സംഘടനകളുടെ കയ്യേറ്റങ്ങള്‍ സര്‍ക്കാര്‍  അന്വേഷിക്കണമെന്ന് ഹൈക്കോടതി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ച് ആറുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. വോട്ടുബാങ്കിന്‍റെ ബലത്തിലാണ് കയ്യേറ്റമെന്നും സര്‍ക്കാര്‍ നിഷ്ക്രിയത്വം പാലിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു. സിറോ മലബാർ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് സംസ്ഥാനത്തെ ഭൂമി കയ്യേറ്റത്തിനെതിരെ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ചത്. ഭൂമി കൈയ്യേറ്റങ്ങളിൽ സർക്കാർ നിഷ്ക്രിയത്വം പാലിക്കുന്നുവെന്ന് കോടതി വിമർശിച്ചു.

സർക്കാർ ഭൂമി കൈയ്യേറുവാൻ പോലും സംസ്ഥാനത്ത് അനുകൂല സാഹചര്യമാണ്. സാമുദായിക സംഘടനകളുടെ ഭൂമി ഇടപാടുകളെക്കുറിച്ച്  അന്വേഷിക്കണം. ഇതിനായി വനം റവന്യൂ വകുപ്പുകളെ ഉൾപ്പെടുത്തി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണം. പല ഭൂമി ഇടപാടുകളും സംശയാസ്പദമാണ്. ഭൂമി കയ്യേറിയശേഷം പട്ടയം ഉണ്ടാക്കുന്നതാണ് കാണുന്നത്. സാമുദായിക സംഘടനകളും മറ്റും  കൈയ്യേറിയ ഭൂമിക്ക് പട്ടയം നേടുന്നത് വോട്ട് ബാങ്കിന്റെ ബലത്തിലാണ്. മത-സാമുദായിക-സന്നദ്ധ സംഘടനകളുടെ സ്വത്ത് ഇടപാടുകൾ പരിശോധിക്കപ്പെടണം. ഇതിനായി ഏകീകൃത നിയമം കൊണ്ടുവരുന്ന കാര്യം കേന്ദ്രം പരിഗണിക്കണമെന്നും ജസ്റ്റിസ് പി.സോമരാജൻ ഉത്തരവിട്ടു. കൈയ്യേറ്റങ്ങൾക്കെതിരെ ശബ്ദമുയരാത്തത് ഭൂമാഫിയയ്ക്കും അനുകൂല അന്തരീക്ഷം ഉണ്ടാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. നിയമവിരുദ്ധ ഭൂമിയിടപാടുകളിൽ വിജിലൻസ് അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. കൈയ്യേറ്റങ്ങൾ കണ്ടെത്താൻ സംസ്ഥാനമൊട്ടാകെ സർവെ നടത്തി 6 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.