ചീത്തവിളിച്ചാല്‍ പ്രീതി നഷ്ടപ്പെടില്ല; അപ്രീതി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാൽ മാത്രം: ഹൈക്കോടതി

 ഗവർണറുടെ പ്രീതിയിൽ നിർണായക നിരീക്ഷണങ്ങളുമായി ഹൈക്കോടതി. ചീത്ത വിളിച്ചാൽ ഗവർണറുടെ പ്രീതി നഷ്ടപ്പെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗവർണറുടെ അപ്രീതി ഉണ്ടാകുന്നത് നിയമ വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മാത്രമെന്നും കോടതി നിരീക്ഷിച്ചു.

ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാലയിലെ 15 സെനറ്റംഗങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണങ്ങൾ. ചീത്ത വിളിച്ചാൽ ഗവർണറുടെ പ്രീതി നഷ്ടപ്പെടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വ്യക്തിപമായ പ്രീതിയല്ല, നിയമപരമായ പ്രീതിയാണ് ഭരണഘടന അനുശാസിക്കുന്നത്. ആരെങ്കിലും ബോധപൂർവം നിയമം ലംഘിച്ചോ എന്നാണ് ഗവർണർ നോക്കേണ്ടത്. ഗവർണറുടെ അപ്രീതി ഉണ്ടാകുന്നത് നിയമ വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മാത്രമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഹർജിയിൽ കടുത്ത വിമർശനങ്ങളാണ് കോടതി ഉന്നയിച്ചത്. 

വി.സി നിയമനത്തിനായി  സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണ്ണറുടെ വിജ്ഞാപനം മാറ്റണമെന്ന ശാഠ്യമെന്തിനെന്ന് കോടതി ചോദിച്ചു. സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് ഒരാളെ നിർദേശിച്ചാൽ അവസാനിപ്പിക്കാവുന്ന പ്രശ്നമാണിത്. ഈ നാടകത്തിന് പിന്നിലുള്ള വ്യക്തികളെക്കുറിച്ച് അല്ല, വിദ്യാർഥികളെ കുറിച്ചാണ് കോടതിയുടെ ആശങ്ക. വി.സി ഇല്ലാതെ എങ്ങനെ ഒരു സ്ഥാപനം പ്രവർത്തിക്കുമെന്നും, ഒളിച്ച് കളിക്കരുതെന്നും യൂണിവേഴ്സിറ്റിയോട് കോടതി പറഞ്ഞു. നവംബർ 4ന് ചേരുന്ന സെനറ്റ് യോഗത്തിൽ സെർച് കമ്മിറ്റി അംഗത്തെ നിർദ്ദേശിക്കാൻ അജണ്ട ഉണ്ടോ എന്ന് നാളെ അറിയിക്കണം. നാലാം തീയതി ചേരുന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന പുറത്താക്കപ്പെട്ട അംഗങ്ങളുടെ ആവശ്യത്തിൽ നാളെ തീരുമാനമെടുക്കാം എന്നും കോടതി വ്യക്തമാക്കി