ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്: മറുപടിക്കുള്ള സമയപരിധി ഇന്നും നാളെയുമായി അവസാനിക്കും

ഗവര്‍ണറുെട കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കാന്‍ വൈസ്ചാന്‍സലര്‍മാര്‍ക്ക് അനുവദിച്ച സമയപരിധി ഇന്നും നാളെയുമായി അവസാനിക്കും. ഇതുവരെ ഒരു വൈസ്ചാന്‍സലര്‍ ഒഴികെ ആരും രാജ്ഭവന് മറുപടി നല്‍കിയിട്ടില്ല. നേരിട്ട് കണ്ട് വിശദീകരണം നല്‍കാന്‍ ഏഴാം തീയതിവരെയാണ് ഗവര്‍ണര്‍ സമയം നല്‍കിയിട്ടുള്ളത്. ഗവര്‍ണരുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള  വിസിമാരുടെ ഹര്‍ജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജികളിൽ ചാൻസലർ അടക്കമുള്ള എതിർ കക്ഷികളോട് കോടതി കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. 

ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ കൊച്ചിലെത്തും. ഏഴാം തീയതിമാത്രമെ രാജ്ഭവനിലേക്ക് എത്തുകയുള്ളൂ. ഇതിനിടെയാണ് വിസിമാരോട്  പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍നല്‍കിയ നോട്ടിസിന്‍റെ സമയ പരിധി അവസാനിക്കുന്നത്. 11 വിസിമാര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്.  

സാങ്കേതിക സര്‍വകലാശാല വിസി സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് തല്‍സ്ഥാനത്തു നിന്ന് മാറിയിരുന്നു. കേരള സര്‍വകലാശാല വിസി വിരമിക്കുകയും ചെയ്തു. ബാക്കി ഒന്‍പതുപേരില്‍ ഏഴുപേര്‍ ഇന്ന് വിശദീകരണം നല്‍കണം. ഡിജിറ്റല്‍ ഒപ്പണ്‍ സര്‍വകലാശാലകളുടെ വിസിമാര്‍ നാളെ   വിശദീകരണം നല്‍കാനാണ് രാജ്ഭവന്‍ നിര്‍ദേശം നല്‍കിയത്. വിസിമാരെല്ലാം ഗവര്‍ണരുടെ നടപടി ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. 

കോടതി തീരുമാനമെടുക്കട്ടെ എന്നാണ് സര്‍ക്കാരിന്‍റെ അഭിപ്രായം. വിസിമാര്‍ക്ക് നേരിട്ടെത്തി വിശദീകരണം നല്‍കണമെങ്കില്‍ ഏഴാം തീയതിവരെ ഗവര്‍ണരുമായി കൂടിക്കാഴ്ച അനുവദിക്കും. രേഖാമൂലം മറുപടി നല്‍കാനോ നേരിട്ടെത്തി വിശദീകരണം നല്‍കാനോ തയാറായില്ലെങ്കില്‍ ഗവര്‍ണര്‍ വൈസ്ചാന്‍സലര്‍മാര്‍ക്കെതിരെ തുടര്‍നടപടി സ്വീകരിച്ചേക്കും. സമയം അനുവദിച്ചിട്ടും വിസിമാര്‍ വിശദീകരണം നല്‍കിയില്ലെന്ന് കോടതിയെ അറിയിക്കുകയും ചെയ്യും. ഹൈക്കോടതി ഇക്കാര്യത്തില്‍സ്വീകരിക്കുന്ന നിലപാടാകും നിര്‍ണായകമാകുക. 

Show Cause Notice of Governor: Deadline for reply ends today and tomorrow