'തൊഴില്‍ നിയമം ലംഘിക്കപ്പെട്ടു; തിരുത്തണം'; എയര്‍ ഇന്ത്യ എക്സ്​പ്രസ് മാനേജ്മെന്‍റിനെതിരെ രൂക്ഷ വിമര്‍ശനം

HIGHLIGHTS
  • 'ജീവനക്കാരുടെ പരാതികള്‍ സത്യം'
  • 'അനുരഞ്ജന ചര്‍ച്ചയ്ക്ക് ഉത്തരവാദിത്തപ്പെട്ടവര്‍ എത്തിയില്ല'
  • 'എച്ച്.ആര്‍. വിഭാഗം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു'
airindia-labour-officer-09
SHARE

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസ് തടസപ്പെടും വിധം പ്രതിഷേധിച്ച 25 ജീവനക്കാരെ പിരിച്ചുവിട്ടു.  പ്രശ്നപരിഹാരത്തിനായി മാനേജ്മെന്റുമായും ജീവനക്കാരുമായും റീജനല്‍ ലേബര്‍ ഒാഫീസര്‍ ചര്‍ച്ചനടത്തുകയാണ്. തൊഴില്‍ നിയമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നത് അടക്കം മാനേജ്മെന്‍റിനെ ലേബര്‍ കമ്മിഷണര്‍ രൂക്ഷമായി വിമര്‍ശിച്ചതിന്‍റെ വിശദാംശങ്ങള്‍ പുറത്തുവന്നു.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ജീവനക്കാര്‍ കൂട്ട അവധിയില്‍ തുടരുന്നതിനാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ ഇന്നും റദ്ദാക്കി. യാത്രക്കാരുടെ ദുരിതം തുടരുകയാണ്. ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് എല്‍1 കാറ്റഗറിയില്‍പ്പെട്ട നൂറിലേറെ കാബിന്‍ ക്രൂ അംഗങ്ങള്‍ കൂട്ടത്തോടെ അപ്രതീക്ഷിതമായി രോഗ അവധിയെടുത്തത്. എല്‍1 കാബിന്‍ ക്രൂ ഇല്ലാതെ വിമാന സര്‍വീസ് നടത്താന്‍ പാടില്ലെന്നാണ് ചട്ടം.  അവധിയെടുത്തത് ആസൂത്രിതമായാണെന്നും ഇത് കമ്പനിയുടെ സല്‍പ്പേരിനെ ഗുരുതരമായി ബാധിക്കുകയും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും യാത്രക്കാര്‍ക്ക് പ്രതിസന്ധിയുണ്ടാക്കുകയും ചെയ്തുവെന്നും ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടല്‍ നോട്ടിസ് നല്‍കിയത്. ജീവനക്കാരെ ദ്രോഹിക്കുന്ന നിലപാടാണ് മാനേജ്മെന്‍റിനുള്ളതെന്നും അതിനെതിരെയാണ് പ്രതിഷേധമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്‍റ് പ്രതികരിച്ചു. 

തിങ്കളാഴ്ച്ചവരെ സര്‍വീസുകള്‍ വെട്ടിക്കുറച്ചേക്കും. ജീവനക്കാര്‍ പ്രതിഷേധം തുടങ്ങുന്നതിന് മുന്‍പ് ഡല്‍ഹി റീജനല്‍ ലേബര്‍ കമ്മിഷണര്‍ അശോക് പെരുമല്ല എയര്‍ ഇന്ത്യ ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരന് അടക്കം അയച്ച ഇ മെയിലിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്.  ജീവനക്കാരുടെ പരാതികള്‍ യാഥാര്‍ഥ്യമാണെന്ന് ഈ മാസം 3ന് അയച്ച ഇ മെയിലില്‍ പറയുന്നു. അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ഉത്തരവാദിത്തപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ ശേഷിയുള്ള ആരെയും എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്‍റ് നിയോഗിച്ചില്ല. തെറ്റായ വിവരങ്ങളും നിയമവ്യവസ്ഥകളുടെ വിവേകശൂന്യമായ വ്യാഖ്യാനങ്ങളും നല്‍കി അനുരഞ്ജന ഉദ്യോഗസ്ഥനെ എച്ച് ആര്‍ വിഭാഗം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. ജീവനക്കാരുടെ പരാതികളും എച്ച് ആര്‍ വിഭാഗത്തിന്‍റെ പ്രവര്‍ത്തനവും പരിശോധിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കാന്‍ ലേബര്‍ കമ്മിഷ്ണര്‍ നിര്‍ദേശിച്ചു. തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഇ മെയിലില്‍ പറയുന്നു. 

Labour commissoner slams TATA, accuses Air India express of mismanagement

MORE IN BREAKING NEWS
SHOW MORE