‘എത്രപേര്‍ മരിച്ചു; കുഴിയടയ്ക്കാന്‍ എന്താണ് ബുദ്ധിമുട്ട്?: രോഷത്തോടെ ഹൈക്കോടതി

ആലുവ -പെരുമ്പാവൂർ സംസ്ഥാനപാതയിലെ  കുഴിയിൽ വീണ് ബൈക്ക് യാത്രികനായ കുഞ്ഞുമുഹമ്മദ് മരിച്ച സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി. റോഡിന്റെ അറ്റകുറ്റപ്പണി ചുമതലയുള്ള എഞ്ചിനീയർ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. കുഞ്ഞുമുഹമ്മദിന്റെ മരണം കുഴിയിൽ വീണതുകൊണ്ട് മാത്രമല്ലെന്ന സർക്കാരിന്റെ ന്യായീകരണത്തെ കോടതി വിമർശിച്ചു. സർക്കാർ വാദം തെറ്റാണെന്ന് കുഞ്ഞുമുഹമ്മദിന്റെ മകൻ പ്രതികരിച്ചു.

റോഡുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ അതിരൂക്ഷമായ ഭാഷയിലാണ് പൊതുമരാമത്ത് വകുപ്പിനെ ഹൈക്കോടതി വിമർശിച്ചത്. റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ കുഞ്ഞുമുഹമ്മദ് മരിച്ച സംഭവം ഞെട്ടിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്നായിരുന്നു കോടതിയുടെ പരാമർശം. പൊതുമരാമത്ത് വകുപ്പിന് എന്തിനാണ് എഞ്ചിനീയർമാരെന്നും, കുഴി കണ്ടാൽ എന്തുകൊണ്ട് ഉടൻ അടക്കുന്നില്ലെന്നും കോടതി വിമർശിച്ചു. റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് കോടതിയെ അറിയിച്ചു.

അതേ സമയം കുഞ്ഞുമുഹമ്മദിന്റെ മരണത്തെ ന്യായീകരിക്കാനായിരുന്നു സർക്കാരിന്റെ ശ്രമം. ബൈക്ക് കുഴിയിൽ വീണ് പരിക്കേറ്റതു കൊണ്ടു മാത്രമല്ലാ, കുഞ്ഞിമുഹമ്മദിന് ഷുഗർ ലെവൽ കുറവായിരുന്നുവെന്ന് മകൻ പറഞ്ഞെന്നാരുന്നു സർക്കാരിന്റ ന്യായീകരണം. എന്നാൽ മരിച്ച ആളെ  ഇനിയും അപമാനിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, എത്ര പേർ മരിച്ചാലാണ് റോഡുകൾ നന്നാക്കുകയെന്ന മറുചോദ്യവും ഉയർത്തി. 

കുഞ്ഞുമുഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട സർക്കാർ വാദം തെറ്റാണെന്ന് മകൻ മനാഫ് മനോരമ ന്യൂസിനോട് പ്രതികരിച്ചു. ആലുവ പെരുമ്പാവൂർ  റോഡിന്റെ അറ്റകുറ്റപ്പണി ചുമതലയുള്ള എഞ്ചിനീയർ നേരിട്ട് ഹാജരാകാൻ  കോടതി ഉത്തരവിട്ടു. റോഡ് തകർച്ചയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച ഹർജി പരിഗണിക്കുമ്പോൾ വിശദീകരണം നൽകിയില്ലെങ്കിൽ ജില്ലാ കലക്ടറെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി.