ആലുവ– പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് പരുക്കേറ്റയാള്‍ മരിച്ചു

അറ്റകുറ്റപണി നടത്തി ഒരു മാസത്തിനുള്ളിൽ റോഡ് തകർന്ന ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റ 74 കാരൻ മരിച്ചു. മാറമ്പിളളി കുന്നത്തുകര സ്വദേശി കുഞ്ഞുമുഹമ്മദാണ് മരിച്ചത്. ഓഗസ്റ്റ് 20 ന് ചാലക്കൽ പതിയാട്ട് കവലക്ക് സമീപമാണ് കുഞ്ഞു മുഹമ്മദ് സഞ്ചരിച്ച ഇരുചക്ര വാഹനം റോഡിലെ കുഴിയിലേക്ക് മറിഞ്ഞത്. ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ കുഞ്ഞു മുഹമ്മദിനെ ഉടൻ ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൂന്നാഴ്ച കഴിഞ്ഞിട്ടും ഓർമ വീണ്ടെടുക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതു വരെ കുടുംബത്തിന് ചികിത്സക്കായി ഏഴ് ലക്ഷത്തോളം രൂപയും ചെലവായി.

അതേസമയം, പത്തുലക്ഷം മുടക്കി അറ്റകുറ്റപ്പണി നടത്തി ഒരു മാസത്തിനകം പാതാളക്കുഴികളായ ആലുവ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റോഡില്‍ കുഴിയടക്കല്‍ ശ്രമവുമായി നാട്ടുകാര്‍ രംഗത്തെത്തി. റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം കൂടിയതോടെയാണ് കീഴ്മാട് ചാലയ്ക്കല്‍ ഭാഗത്തെ കുഴികള്‍ കല്ലും മണ്ണുമിട്ട് മൂടി തുടങ്ങിയത്. പെരുമ്പാവൂര്‍ ആലുവ റോഡില്‍ വീണ്ടും ടാറിങ് നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറ‍ഞ്ഞു. 

മാറംപള്ളി, ചാലയ്ക്കല്‍, കുട്ടമശ്ശേരി ഭാഗങ്ങളിലെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്. അപകടങ്ങള്‍ കണ്ട് പൊറുതിമുട്ടിയതോടെയാണ് കല്ലും മണ്ണും ഉപയോഗിച്ചാണെങ്കിലും  കുഴിമൂടി അപായസൂചനയെന്നോണം ചെടികള്‍ നടാന്‍ നാട്ടുകാര്‌ ഇറങ്ങിതിരിച്ചത്. പെരുമ്പാവൂര്‍ ആലുവ റോഡില്‍ വീണ്ടും ടാറിങ് നടത്താന്‍ കിഫ്ബിയോട് പണം ചോദിച്ചിട്ടുണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

അറ്റകുറ്റപണി നടത്തി ഒരുമാസത്തിനകം റോഡ് തകര്‍ന്നത് സംബന്ധിച്ച് പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് വിജിലന്‍സ് ഹൈക്കോടതിക്ക് കൈമാറി. കരാറുകാരനേയും ഉദ്യോഗസ്ഥരേയും പഴിചാരാതെയാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. രണ്ടര കിലോമീറ്ററിലേറെ അറ്റകുറ്റപണി ബാക്കിയുണ്ട്. റോഡില്‍ പത്തിലേറെ സ്ഥലത്ത് കുഴിയുണ്ടെന്നാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.