ആധാര്‍ നിയമലംഘനങ്ങള്‍ക്ക് ഒരു കോടി രൂപ പിഴ; ചട്ടം വിജ്ഞാപനം ചെയ്തു

ആധാര്‍ നിയമലംഘനങ്ങളില്‍ ഒരു കോടി രൂപ വരെ പിഴ ഈടാക്കാന്‍ യുണീക്ക് െഎഡന്‍റിഫിക്കേഷന്‍ അതോറിറ്റിക്ക് അധികാരം. 2019ലെ ആധാര്‍ നിയമത്തിന് അനുസൃതമായി കേന്ദ്ര െഎടി മന്ത്രാലയം ചട്ടം വിജ്ഞാപനം ചെയ്തു. ആധാറിലെ തെറ്റുകള്‍ തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒാണ്‍ലൈനായി അപേക്ഷിക്കാം.

ആധാര്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും പിഴ ചുമത്താനും കേന്ദ്രസര്‍ക്കാരിലെ ജോയിന്‍റ് സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും. ഉദ്യോഗസ്ഥന് പത്തുവര്‍ഷത്തെയെങ്കിലും സര്‍വീസ് വേണം. നിയമം, മാനേജ്മെന്‍റ്, െഎടി, വാണിജ്യം എന്നീ വിഷയങ്ങളിലൊന്നിലെങ്കിലും മൂന്നു വര്‍ഷത്തെ വിദഗ്ധ പരിചയവുമുണ്ടായിരിക്കണം. പ്രസ്തുത ഉദ്യോഗസ്ഥന് തെളിവ് ശേഖരണത്തിന് ഉള്‍പ്പെടെ ആരെ വേണമെങ്കിലും വിളിച്ചുവരുത്താന്‍ അധികാരമുണ്ട്. പിഴ അടയ്ക്കാത്തവരുടെ സ്വത്ത് കണ്ടുെകട്ടാന്‍ നിര്‍ദേശിക്കാം. നടപടിക്ക് മുന്‍പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുകയും ആരോപണവിധേയര്‍ക്ക് വിശദീകരണം നല്‍കാന്‍ അവസരം നല്‍കുകയും വേണം. ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങള്‍ നല്‍കുന്നതും കുറ്റകരമാണ്. തീര്‍പ്പുകളില്‍ എതിര്‍പ്പുണ്ടെങ്കില്‍ ടെലികോം തര്‍ക്കപരിഹാര ട്രൈബ്യൂണലിനെ സമീപിക്കാം. ആധാറിലെ പേര്, മേല്‍വിലാസം, ജനനത്തീയതി, ഭാഷ എന്നിവയിലെ തെറ്റുകള്‍ ഒാണ്‍ലൈനായി തിരുത്താം. പേര് ഉള്‍പ്പെടെ പ്രധാനവിവരങ്ങളില്‍ തെറ്റ് വന്നാല്‍ രണ്ട് തവണ തിരുത്താന്‍ കഴിയും. ജനനത്തീയതിയില്‍ മൂന്ന് വര്‍ഷംവരെയുള്ള തിരുത്തലുകളാണ് അനുവദിക്കുക. സ്ത്രീയോ, പുരുഷനോ എന്ന വിവരത്തിലെ തെറ്റുകള്‍ ഒരുതവണ തിരുത്താം. ബയോമെട്രിക് വിവരങ്ങള്‍ 10 വര്‍ഷം കൂടുമ്പോള്‍ അപ്ഡേറ്റ് ചെയ്യാം.