6 മാസം നാട്ടിലുണ്ടാകണമെന്ന വ്യവസ്ഥയിൽ ഇളവ്; പ്രവാസികൾക്ക് ഇനി ആധാറിന് അപേക്ഷിക്കാം

പ്രവാസികൾക്ക് ആധാറിനു അപേക്ഷിക്കാവുന്ന വ്യവസ്ഥയിൽ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ചു. ആറു മാസം തുടർച്ചയായി നാട്ടിലുണ്ടാകണമെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്. നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഇനി ആധാർ കാർഡിനു അപേക്ഷിക്കാം.

കുറഞ്ഞത് ആറു മാസം തുടർച്ചയായി നാട്ടിൽ താമസിക്കുനവർക്കു മാത്രമാണ് ആധാറിനു അപേക്ഷിക്കാൻ അനുമതിയുണ്ടായിരുന്നത്. ഈ വ്യവസ്ഥ ഒഴിവാക്കിയുള്ള പുതിയ ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കി. ചെറിയ അവധിക്കായി നാട്ടിലെത്തുന്ന പ്രവാസികൾക്കും ഇനി ആധാറിനു അപേക്ഷിക്കാം. പാസ്പോർട്ട്, താമസ രേഖ, ജനന തീയതി തെളിയിക്കുന്ന രേഖ എന്നിവയോടൊപ്പമാണ് അപേക്ഷ നൽകേണ്ടത്. 

ആധാർ എൻറോൾമെൻറ് സെൻററിൽ ആധാർ വിവരങ്ങൾ കൈമാറാൻ ഓൺലൈൻ വഴി നേരത്തേ അപ്പോയിൻമെൻറ് എടുക്കാവുന്നതാണ്. 180 ദിവസമെന്ന വ്യവസ്ഥ ഒഴിവാക്കുമെന്നു ഈ വർഷത്തെ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി വിവിധ പ്രവാസിസംഘടനകൾ വ്യക്തമാക്കി. അതേസമയം, വിദേശരാജ്യങ്ങളിലെ നയതന്ത്രകാര്യാലയങ്ങൾ വഴി ആധാറിനു അപേക്ഷിക്കാനുള്ള സംവിധാനമൊരുക്കണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു.