ആധാര്‍ കാര്‍ഡില്ല; 102 വയസുകാരിക്ക് ക്ഷേമപെൻഷൻ കിട്ടാതായിട്ട് നാല് വർഷം

ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍  നൂറ്റിരണ്ട് വയസുകാരിക്ക് ക്ഷേമപെന്‍ഷന്‍ കിട്ടാതായിട്ട് നാലുവര്‍ഷം. പ്രായാധിക്യം മൂലം വിരലടയാളം രേഖപ്പെടുത്താന്‍ ആകാത്തതിനാലാണ്, കൗസല്യയ്ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കാത്തത് . ബാങ്ക്  അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളില്ല എന്ന തീരുമാനമാണ് കൗസല്യയ്ക്ക് വിനയായത് .

ഇത് കൗസല്യാമ്മ വയസ് നൂറ്റിരണ്ട്. പ്രായത്തിന്റെ അവശതകളേക്കാള്‍  ഇവരെ അലട്ടുന്നത്  നാലുവര്‍ഷമായി കിട്ടാത്ത മല്‍സ്യത്തൊഴിലാളി ക്ഷേമനിധി പെന്‍ഷനാണ്. പെന്‍ഷന്‍ തുക ലഭിച്ചിരുന്ന ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തോടെയാണ് കൗസല്യമ്മയുടെ ദുരിതം തുടങ്ങിയത്. ആധാര്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ വിരലടയാളം ആവശ്യമാണ്. എന്നാല്‍ പ്രായം ചെന്നതോടെ കൗസല്യമ്മയുടെ വിരലടയാളം കൃത്യമായി രേഖപ്പെടുത്താനാകാത്ത സ്ഥിതിയായി. അതിനാല്‍ ആധാര്‍ കാര്‍ഡ് കിട്ടിയില്ല .പിന്നാലെ സര്‍ക്കാര്‍ പെന്‍ഷനും നിഷേധിച്ചു. ആധാറില്ലാതെ  പെന്‍ഷനനുവദിക്കാനാകുമോ എന്ന് അന്വേഷിച്ചപ്പോള്‍ ഫിഷറീസ് വകുപ്പില്‍ നിന്നടക്കം ഉയര്‍ന്ന ചോദ്യം ഇവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നായിരുന്നു. ഒടുവില്‍ വിഷയത്തിലിടപെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫിഷറീസ് ഒാഫീസിന് മുന്നില്‍ പ്രതിഷേധവുമായെത്തി 

കൗസല്യയുടെ മുടങ്ങിയ പെന്‍ഷന്‍ കുടിശകയടക്കം നല്‍കാന്‍ നടപടിയെടുക്കുമെന്ന ഫിഷറീസ് ഒാഫിസറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്.