ആധാർ നമ്പർ തെറ്റിക്കല്ലേ; പതിനായിരം രൂപ പിഴ !

ആധാർ നമ്പർ തെറ്റായി നൽകുന്നവരിൽ നിന്നും 10,000 രൂപ പിഴയായി ഈടാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഈ ഭേദഗതി വരുത്തിയ നിയമം സെപ്തംബർ മുതൽ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക ആവശ്യങ്ങൾക്ക് ആധാർ നമ്പർ നൽകുമ്പോൾ ഇത് പരിശോധിച്ച് ശരിയാണോ എന്ന് ഉറപ്പുവരുത്തിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും പിഴ അടയ്ക്കേണ്ടി വരും.

ആദായ നികുതി നിയമത്തിന്റെ 272 ബി വകുപ്പിലാണ് പുതിയ പരിഷ്കാരം ഉൾപ്പെടുത്തുക.  പിഴ ഈടാക്കുന്നതിന് മുമ്പായി പിഴവ് വരുത്തിയതിന്റെ കാരണം അറിയിക്കാൻ ആധാർ കാർഡ് ഉടമകൾക്ക് അവസരം നൽകും. ഇത് സത്യമാണെന്ന് ബോധ്യപ്പെട്ടാൽ പിഴ ഈടാക്കില്ല.

നികുതി വെട്ടിപ്പ് തടയുന്നതിനായാണ്  ഈ പരിഷ്കാരം കൊണ്ടു വരുന്നത്. ഈ സെപ്തംബർ മുതൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോഴും ഉയർന്ന തുകയിലുള്ള സാമ്പത്തിക ഇടപാടുകൾക്കും പാൻ കാർഡിന് പകരം ആധാർ കാർഡ് ഉപയോഗിക്കാം. ഈ സൗകര്യം ദുരുപയോഗം ചെയ്യാതിരിക്കാനാണ് നടപടിയെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.