12 ദിവസം, കുറഞ്ഞത് 2080 രൂപ; ഒറ്റ ദിവസത്തില്‍ കൂടിയത് 560 രൂപ; സ്വര്‍ണവില എങ്ങോട്ട്?

gold-price
SHARE

മേയ് മാസത്തിന്‍റെ തുടക്കത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ടായത് വിപണിയില്‍ പ്രകടമായിരുന്നു. എന്നാല്‍ ഈ ഇടിവ് വരാനിരിക്കുന്ന വലിയ മുന്നേറ്റത്തിന്‍റെ സൂചനയാണെന്നാണ് വിദഗ്ധരുടെ അനുമാനം. സര്‍വകാല ഉയരത്തിലെത്തിയതിന് ശേഷം ചാഞ്ചാട്ടം കാണിക്കുകയാണ് സ്വര്‍ണ വില. 54,520 രൂപയില്‍ നിന്നും 52,440 രൂപ (മേയ് ഒന്ന്) യിലേക്ക് എത്തി, 12 ദിവസത്തിനിടെ 2,080 രൂപയാണ് കേരളത്തില്‍ വിലയിടിഞ്ഞത്. എന്നാല്‍ ഈ പ്രതീക്ഷയ്ക്കിടെ വ്യാഴാഴ്ച സ്വര്‍ണ വില കുതിച്ചുയരുകയായിരുന്നു. വ്യാഴാഴ്ച 560 രൂപയാണ് കേരളത്തില്‍ ഒരു പവന് വര്‍ധിച്ചത്. പവന് 53,000 രൂപയിലേക്ക് എത്തിയപ്പോള്‍ ഗ്രാമിന് 70 രൂപ വര്‍ധിച്ച് 6,625 രൂപയിലാണ് ഇന്ന് കേരള വിപണിയില്‍ സ്വര്‍ണത്തിന്‍റെ വ്യാപാരം.

അമേരിക്കയില്‍ ഫെഡറല്‍ റിസര്‍വിന്‍റെ പലിശ നിരക്ക് തീരുമാനങ്ങളാണ് സ്വര്‍ണ വിലയ്ക്ക് ഊര്‍ജം നല്‍കിയത്. വിപണി പ്രതീക്ഷിച്ചത് പോലെ പലിശ നിരക്ക് മാറ്റം വരുത്തിയില്ല. ഈ തീരുമാനത്തിന് പിന്നാലെ സ്വര്‍ണ വില താഴേക്ക് പോകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും വലിയ മുന്നേറ്റമാണ് വ്യാഴാഴ്ച ഉണ്ടായത്. പലിശയുടെ കാര്യത്തില്‍ ഇനിയൊരു നിരക്ക് വര്‍ധനവ് ഇല്ലെന്നാണ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. നിലവിലുള്ള നിയന്ത്രണങ്ങള്‍ പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാന്‍ പര്യാപ്തമാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. അതോടൊപ്പം വരാനിരിക്കുന്ന പലിശ നിരക്ക് കുറയ്ക്കലുകളെ പറ്റിയുള്ള പ്രതീക്ഷയും പവല്‍ പങ്കുവച്ചു. ഇതോടെ ഈ വര്‍ഷം ഒരു നിരക്ക് വെട്ടികുറയ്ക്കലെങ്കിലും ഉണ്ടാകുമെന്ന നിക്ഷേപ പ്രതീക്ഷയാണ് സ്വര്‍ണത്തിന്‍റെ വില ഉയര്‍ത്തിയത്.

സ്വര്‍ണവും പലിശ നിരക്കും വിപരീത ദിശയിലാണ് ബന്ധപ്പെട്ടിരിക്കുന്നത്. പലിശ നിരക്ക് കൂടുന്ന ഘട്ടത്തില്‍ നിക്ഷേപം ബോണ്ടിലേക്ക് പോകുന്നതിനാല്‍ സ്വര്‍ണ വില ഇടിയും. പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങുമ്പോള്‍ ഡിമാന്‍ഡ് ഉയരുകയും വില കൂടുകയും ചെയ്യും. ഫെഡറല്‍ റിസര്‍വ് തീരുമാനത്തിന് പിന്നാലെ യുഎസ് ട്രഷറി ബോണ്ട് യീല്‍ഡ് ഇടിഞ്ഞതും ഡോളര്‍ സൂചിക താഴ്ന്നതുമാണ് സ്വര്‍ണ വില വര്‍ധിനവിനിടയാക്കിയത്. വ്യാഴാഴ്ച രാവിലെ സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 2326.45 ഡോളറിലേക്ക് ഉയര്‍ന്നെങ്കിലും വൈകിട്ടോടെ ഇടി​ഞ്ഞു. നിലവില്‍ 2,300 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര പ്രതിസന്ധികള്‍ കുറഞ്ഞതോടെ ഇനി പലിശ നിരക്കുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ സ്വര്‍ണ വിലയെ സ്വാധീനിക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.

Gold Price Down Rs 2080 In 12 Days; Hike Rs 560 In Single Day; Where Gold Rate Headed

MORE IN BUSINESS
SHOW MORE