പട്ടയഭൂമിയിൽ മരംമുറിക്കാൻ അനുമതി; സർക്കാർ ഉത്തരവിൽ ആശങ്ക: ഹൈക്കോടതി

പട്ടയഭൂമിയില്‍ നിന്ന് മരംമുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. മുട്ടില്‍ മരംമുറിക്കേസ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍. വില്ലേജ് ഓഫീസര്‍ പ്രതികളുടെ താളത്തിന് ഒത്ത് തുള്ളിയെന്നും ഉത്തരവില്‍ പറയുന്നു. അതിനിടെ പട്ടയഭൂമിയിലെ മരം മുറിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി.

പട്ടയഭൂമിയില്‍ നിന്ന് മരംമുറിക്കാന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലെ നിയമങ്ങളെ മറികടക്കുന്നതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിയമത്തെ സര്‍ക്കാര്‍ ഉത്തരവുകള്‍ കൊണ്ട് മറികടക്കുന്നത് അസ്വസ്ഥജനകമാണെന്ന് ജസ്റ്റിസ് കെ.ഹരിപാല്‍ കുറ്റപ്പെടുത്തി. മുട്ടില്‍ മരം മുറിക്കേസില്‍ പ്രതികളുടെ കൈകള്‍ ശുദ്ധമല്ല എന്ന വ്യക്തമാക്കിയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. മരം മുറിക്കുന്നതിന് പ്രതികള്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കുകയും രേഖകളില്‍ കൃത്രിമം കാണിക്കുകയും ചെയ്തു. മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസര്‍ പ്രതികളുടെ താളത്തിന് ഒത്ത് തുള്ളുകയായിരുന്നുവെന്ന് കോടതി വിമര്‍ശിച്ചു. എങ്ങനെയാണ് ഇത്തരത്തില്‍ അനുമതി നല്‍കാന്‍ വില്ലേജ് ഓഫീസര്‍ക്ക് കഴിയുകയെന്നും കോടതി ആരാഞ്ഞു. പതിനായിരം ഘനമീറ്റര്‍ ഈട്ടിത്തടി നല്‍കാമെന്ന് പ്രതികള്‍ കച്ചവടക്കാരുമായി ധാരണയിലെത്തിയിരുന്നു. 

ഇതിനായി വന്‍തുക മുന്‍കൂര്‍ കൈപ്പറ്റുകയും ചെയ്തു. പ്രതികള്‍ എവിടെ നിന്നാണ് ഇത്രയധികം ഈട്ടിത്തടി നല്‍കുക എന്നും കോടതി ചോദിച്ചു. അതിനിടെ പട്ടയഭൂമിയില്‍ നിന്ന് മരം മുറിക്കാന്‍ അനുമതി തേടി മൂന്നാറിലെ അതിജീവന പോരാട്ടവേദി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഈ വിഷയത്തില്‍ പൊതുതാല്‍പര്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്‍റെ നടപടി.