തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ ആരാധനാലയനിർമാണം; ഉത്തരവിന് സ്റ്റേ

തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയുണ്ടെങ്കിൽ ആരാധനാലയങ്ങൾ നിർമിക്കാമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ അധികാരങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയത് ഗൗരവതരമായ വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. പാലക്കാട് പട്ടാമ്പി ചാലിശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ആരാധനാലയങ്ങളുടെ നിർമാണത്തിന് ജില്ലാ ഭരണകൂടത്തിന്റെ മുൻകൂർ അനുമതി തേടണമെന്ന വ്യവസ്ഥ ഭേദഗതി ചെയ്ത്, ഈ അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയ സർക്കാർ നടപടിയാണ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞത്. ജില്ലാ ഭരണകൂടം രഹസ്യവിവരം ശേഖരിച്ചു വിലയിരുത്തിയതിനുശേഷം അനുമതി നൽകണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ. അനുമതി നൽകുന്നതിനു മുന്പ് രഹസ്യവിവരം ശേഖരിക്കുന്നത് പ്രധാനപ്പെട്ട വിഷയമാണ്. സർക്കാരിറെ ഭേദഗതി പ്രകാരം രഹസ്യവിവരങ്ങൾ ശേഖരിക്കുന്നതിനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയിരിക്കുകയാണ്. 

പഞ്ചായത്ത് രാജ് പ്രകാരം പഞ്ചായത്ത് സ്ഥാപനങ്ങളെ ചുമതലപ്പെടുത്താൻ സർക്കാരിന് അധികാരമുണ്ടെങ്കിലും രഹസ്യവിവരം ശേഖരിക്കുന്നതുപോലെയുള്ള അടിസ്ഥാന പരമാധികാര പ്രവ‍ൃത്തികൾ പഞ്ചായത്തിനെ ചുമതലപ്പെടുത്താമോയെന്നത് പ്രാധാന്യമുള്ള വിഷയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജിയിലുള്ള നിയമപ്രശ്നങ്ങൾ പ്രധാന്യമുള്ളതാണെന്നും വിശദമായി പരിശോധിക്കേണ്ടതാണെന്നും കോടതി വിലയിരുത്തി. ഈ സാഹചര്യത്തിൽ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യുകയാണെന്ന് ജസ്റ്റിസ് നഗരേഷ് വ്യക്തമാക്കി. പട്ടാമ്പി ചാലിശേരി പള്ളിയുടെ സ്ഥലത്തിനോടു ചേർന്നുകിടക്കുന്നയിടത്ത് മറ്റൊരു ആരാധനാലയം നിർമിക്കാൻ പഞ്ചായത്ത് അനുമതി നൽകിയതിനെതിരെയുള്ള ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.