ഭക്തിസാന്ദ്രമായി ചക്കുളത്തുകാവ് പൊങ്കാല; നൂറുകണക്കിന് ഭകതർ ദർശനത്തിനെത്തി

ഭക്തർക്ക് ആത്മനിർവൃതിയായി ചക്കുളത്ത് കാവ് പൊങ്കാല. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ക്ഷേത്ര പരിസരത്ത് ഭക്തർക്ക് പൊങ്കാലയിടാൻ അനുവാദമുണ്ടായിരുന്നില്ല. പൊങ്കാല ദിനമായ ഇന്ന് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ഭക്തർ ദർശനത്തിന് ക്ഷേത്രത്തിലെത്തിയിരുന്നു.

ഭക്തർക്ക് പുണ്യം പകർന്ന് സ്ത്രീകളുടെ  ശബരിമലയായ  ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക പൊങ്കാല. ക്ഷേത്രത്തിലെ നടപന്തലിൽ അഞ്ച് അടുപ്പുകൾ തയാറാക്കിയാണ് ആചാരപരമായ ചടങ്ങുകളോടെ പൊങ്കാല അർപ്പിച്ചത്. പുലർച്ചേ മഹാഗണപതി ഹോമത്തോടെ  ചടങ്ങുകൾ ആരംഭിച്ചു.  പത്തിന് ദേവിയെ പുറത്തേയ്ക്ക് എഴുന്നള്ളിച്ചു. ക്ഷേത്ര കൊടിമരചുവട്ടില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപം തെളിച്ചു.  ക്ഷേത്രമുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി  പൊങ്കാല അടുപ്പില്‍ അഗ്നിപകർന്നു 12 ന് പൊങ്കാല നിവേദിച്ച് ഭക്തർക്ക് പ്രസാദം നൽകി.  

തുടർന്ന് ദേവിയെ അകത്തേയ്ക്ക് എളുന്നള്ളിച്ച് ഉച്ചദീപാരാധനയും, ദിവ്യാഭിഷേകവും നടത്തി. വൈകിട്ട് ദീപാരാധനയോടെ കാര്‍ത്തിക സ്തംഭത്തില്‍ അഗ്നിപകരും. കോ വിഡ് നിയന്ത്രണങ്ങളെ തുടർന്ന്  ക്ഷേത്രപരിസരത്തും  വഴിയോരങ്ങളിലും പൊങ്കാലയിടാന്‍ ഭക്തരെ അനുവദിച്ചിരുന്നില്ല. പൊങ്കാല ദിനമായ ഇന്ന് നൂറു കണക്കിന് ഭക്തരാണ് ദർശനത്തിനായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചക്കുളത്തുകാവിലെത്തിയത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അടക്കമുള്ള നിരവധി പ്രമുഖർ ക്ഷേത്രത്തിലെത്തിയിരുന്നു.