ഉത്സവപിരിവിൽ നിന്നും വിഹിതം പിടിക്കാനുള്ള തീരുമാനം; തിരുവിതാംകൂർ ദേവസ്വത്തിനെതിരെ പ്രതിഷേധം

ക്ഷേത്രോപദേശക സമിതികളുടെ ഉത്സവപിരിവിൽ നിന്നും വിഹിതം പിടിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തീരുമാനം പിൻവലിക്കണമെന്ന ആവശ്യവുമായി ദേവസ്വം മന്ത്രിയെ നേരിൽകാണാൻ ഫെസ്റ്റിവൽ കോഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഉത്സവ പിരിവിനായുള്ള രസീതുകൾ നൽകുന്നത് ബോർഡ് നേരിട്ടാണ്. മുൻകൂർ പണമൊന്നും വാങ്ങാതെ ആവശ്യമായ രസീത് നൽകുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ രസീത് വേണമെങ്കിൽ ആകെ തുകയുടെ അഞ്ചു ശതമാനം മുൻകൂറായി ദേവസ്വം ബോർഡിൽ അടക്കണം എന്നതാണ് ഉത്തരവ്. 

കോവിഡിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് ഉപദേശക സമിതികളിൽ നിന്നും പണം പിരിക്കാനുള്ള  ദേവസ്വം ബോർഡ് നീക്കം.

ദേവസ്വം ബോർഡ് ഉത്തരവിനെതിരെ കോട്ടയത്ത് ചേർന്ന ഉപദേശക സമിതികളുടെ യോഗം രൂക്ഷ വിമർശനം ഉയർത്തി. ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് ഉപദേശക സമിതികൾ വ്യക്തമാക്കി.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കൂടാതെ  ബോർഡ് പ്രസിഡന്റ് എൻ വാസുവിനെയും നേരിൽ കണ്ട് പരാതി അറിയിക്കും. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ഉപദേശക സമിതികളുടെ തീരുമാനം.