കർശനമാക്കി പരിശോധന; അനുകൂലിച്ച് നഗരം; ഒഴിയുന്ന ആൾക്കൂട്ടം

സംസ്ഥാനത്ത് പൊലീസ് പരിശോധന കര്‍ശനമാക്കിയതോടെ ആള്‍ക്കൂട്ടം ഒഴിവാകുന്നു. അനാവശ്യമായി പുറത്തിറങ്ങുന്ന ആളുകളുടെ എണ്ണം എല്ലായിടത്തും 

നല്ലതോതില്‍ കുറഞ്ഞു. അതേസമയം നിയന്ത്രണങ്ങളും ആവര്‍ത്തിച്ച മുന്നറിയിപ്പുകളും ഉണ്ടായിട്ടും ചിലരെങ്കിലും അനാവശ്യയാത്രകള്‍ ചെയ്യുന്നുണ്ടെന്ന് 

പൊലീസ്. തിരുവനന്തപുരത്ത് നഗരാതിര്‍ത്തികളില്‍ രാത്രി എഴരവരെ പരിശോന തുടരും.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന എറണാകുളത്തെ എഴുപത്തിനാല് പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചു. ഇവിടെ കര്‍ശന പരിശോധന തുടരും. കൊച്ചി നഗരത്തില്‍ ഇന്നലത്തെ തിരക്ക് ഇന്നുണ്ടായില്ല. തിരുവനന്തപുരം നഗരകവാടമായ വഴയിലയില്‍ ഇന്നലെത്തെക്കാള്‍ തിരക്ക് കുറഞ്ഞു. 

സകലവാഹനങ്ങളും വിടാതെ പൊലീസ് പരിശോധിക്കുന്നു. അനാവശ്യമായി പുറത്തിറങ്ങിയവരെ മടക്കി അയച്ചു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്ക് പിഴയിട്ടു.

മലബാറിലെ ജില്ലകളിലും പൊലീസ് പരിശോധനയും പ്രതിരോധ പ്രവര്‍ത്തനങ്ങളും കര്‍ശനമാക്കി. നഗര– ഗ്രാമ മേഖലയിലും  പൊലീസ് പരിശോധന വ്യാപകമാക്കി. നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം കുറവാണ്.  കാസര്‍കോട്, വയനാട് അതിര്‍ത്തി കടന്നെത്തുന്ന യാത്രികരില്‍ മാനദണ്ഡങ്ങള്‍ 

പാലിക്കാത്തവരെ മടക്കി അയച്ചു.