ഇടതുതരംഗത്തിലും ഉറച്ച സീറ്റുകൾ നഷ്ടം; സിപിഐ പരിശോധിക്കുന്നു

കരുനാഗപ്പള്ളിയിലേയും മൂവാറ്റുപുഴയിലെയും തോല്‍വികള്‍ പരിശോധിക്കാന്‍ സിപിഐ . ചാത്തന്നൂരൂം അടൂരും ഉള്‍പ്പടെ ഭൂരിപക്ഷം കുറഞ്ഞതും പാര്‍ട്ടി അന്വേഷിക്കും. ഇടതുതരംഗമുണ്ടായിട്ടും ഉറച്ച രണ്ടു സീറ്റുകള്‍ നഷ്ടമായതിനെ ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്

എഴുപതുകള്‍ മുതലേ സിപിഐയുടെ ഉറച്ച കോട്ടയായിരുന്നു കരുനാഗപ്പള്ളി. പിഎസ് ശ്രീനിവാസനും ഇ ചന്ദ്രശേഖരന്‍ നായരും സി ദിവാകരനും ഒക്കെ ജയിച്ച മണ്ഡലം. കേരളത്തില്‍ ഇടതുതരംഗമുണ്ടായപ്പോഴും സിറ്റിങ് മണ്ഡലമായ കരുനാഗപ്പള്ളി 29208 വോട്ടിന് തോറ്റത് സിപിഐക്ക് ക്ഷീണമായി. കഴിഞ്ഞ തവണ ഒന്‍പതിനായിരത്തേലറെ വോട്ടിന് ‍ജയിച്ച മൂവാറ്റുപുഴയില്‍  എല്‍ദോ എബ്രഹാം  6161 വോട്ടിനാണ്  ഇത്തവണ  മാത്യൂ കുഴല്‍നാടനോട്  പരാ‍‍‍ജയപ്പെട്ടത്.  തോറ്റുപോകുമെന്ന് കരുതിയിരുന്ന തൃശൂരും പീരുമേടും  ഇടതുതരംഗത്തില്‍ ജ‌യിച്ചിട്ടും കരുനാഗപ്പള്ളിയിലുംമൂവാറ്റുപഴിയിലുമുണ്ടായ തിരിച്ചടി പാര്‍ട്ടി നാണക്കേടായി. ഏറെ വികനസപ്രവര്‍ത്തനങ്ങള്‍ നടന്ന കരുനാഗപ്പള്ളിയിലേ തോല്‍വിയാണ് പാര്‍ട്ടി കൂടുതല്‍ ഗൗരവത്തോടെ കാണുന്നത്. 

സിപിഎമ്മിലെയും സിപിഐയിലെയും ഒരു വിഭാഗം നിശബ്ദമായിരുന്നുവെന്ന് ചര്‍ച്ചകള്‍ മണ്ഡലത്തില്‍ ഉയരുന്നുണ്ട്.  മൂവാറ്റുപുഴയില്‍  സ്ഥാനാര്‍ഥിയുടെ  വീഴ്ചയാണോ ജില്ലാ ഘടകത്തിന്‍റെ വീഴ്ചയാണോ  പരാജയത്തിന് വഴിയൊരുക്കിയതെന്നാണ് പാര്‍ട്ടി പരിശോധിക്കുക. അടുത്ത് സംസ്ഥാന 

നിര്‍വാഹകസമിതിയിലും കൗണ്‍സിലിലും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. ഇടുതുമുന്നണിക്ക് സെഞ്ചുറി കടക്കാനുള്ള അവസരമാണ് ഈ രണ്ടു സീറ്റുകളിലൂടെ നഷ്ടമായതെന്നാണ് സിപിഐ നേതൃത്വത്തിന്‍റെ വികാരം. വലിയ വിജയം പ്രതീക്ഷിച്ചിരുന്ന ചാത്തന്നൂരിലും അടൂരിലും ഭൂരിപക്ഷം കുറഞ്ഞതും സിപിഐ പരിശോധിക്കാന്‍ പോകുന്ന ഘടകങ്ങളാണ് . ചാത്തന്നൂരില്‍  ജി എസ് ജയലാലിന്‍റെ ഭൂരിപക്ഷം 34407 ല്‍ നിന്നും നേര്‍പകുതിയായാണ് ഇത്തവണ കുറഞ്ഞത് . അടൂരില്‍  25116 ല്‍ നിന്നും ചിറ്റയം ഗോപകുമാറിന്‍റെ ഭൂരിപക്ഷം  2919 ആയി കുറഞ്ഞു. ഭൂരിപക്ഷം കുറഞ്ഞതിനുള്ള വിലയിരുത്തല്‍ ബൂത്ത് 

അടിസ്ഥാനത്തില്‍ അടൂരില്‍ സിപിഐ തുടങ്ങികഴിഞ്ഞു. കൊല്ലം ജില്ലയിലെ സംഘടനാപ്രശ്നങ്ങള്‍ ജയലാലിന്‍റെ ഭൂരിപക്ഷം കുറച്ചോ എന്ന് സംശയമുണ്ട്. താഴെത്തട്ടില്‍ നിന്നുള്ള വിശദമായ റിപ്പോര്‍ട്ടിന് പാര്‍ട്ടി സംസ്ഥാന ഘടകം കാത്തിരിക്കുകയാണ്്