ഗവര്‍ണര്‍ക്കെതിരെ പ്രക്ഷോഭത്തിന് എല്‍.ഡി.എഫ്; 15ന് രാജ്ഭവനു മുന്നില്‍ ധര്‍ണ

ഗവര്‍ണര്‍ക്കെതിരെ സമരത്തിനൊരുങ്ങി എൽഡിഎഫ്. നവംബര്‍ 15ന് ധര്‍ണ നടത്താൻ തീരുമാനിച്ചു. രാജ്ഭവന് മുന്നിലെ ധര്‍ണയില്‍ മുഖ്യമന്ത്രി പങ്കെടുക്കും

ജില്ലാതലങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.  നവംബര്‍ രണ്ടിന് വിദ്യാഭ്യാസ വിദഗ്ധരെ ഉള്‍പ്പെടുത്തി സംസ്ഥാനതല കണ്‍വന്‍ഷന്‍ നടത്തും. 

ഗവര്‍ണറുടേത്  അധികാരദുര്‍വിനിയോഗമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗവര്‍ണറുടെ വഴിവിട്ട നീക്കങ്ങള്‍ സംഘപരിവാര്‍ അജന്‍ഡയാണ്. സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം തകര്‍ക്കാനാണ് ശ്രമം. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് നിയമവിരുദ്ധമായ അധികാര ദുര്‍വിനിയോഗം നടത്തി. ആർഎസ്എസ് അനുഭാവികളെ തിരുകിക്കയറ്റാനാണ് ശ്രമം. ഇതിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. 

ഗവര്‍ണര്‍ കോടതിയാകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു. മന്ത്രിമാരെ പിന്‍വലിക്കുമെന്ന് പറയുന്നത് വമ്പത്തരം മാത്രമാണ്. ചാന്‍സലര്‍ പദവില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നത് എൽഡിഎഫ് ചര്‍ച്ച ചെയ്യും. ഭരണഘടന വായിച്ചവര്‍ക്ക് സത്യമറിയാം. ഗവര്‍ണര്‍ കോടതിയാകേണ്ടെന്നും കാനം വിമർശിച്ചു. 

LDF prepare to protest against Governor