ശൈലജയ്ക്കും എം.വി ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഷാഫി

കെ.കെ. ശൈലജയ്ക്കും എം.വി ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി വടകര യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വ്യാജ വിഡിയോയുടെ പേരില്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നെന്നാണ് പരാതി.  

ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

മോര്‍ഫിങ് വിവാദത്തില്‍ കെ കെ ശൈലജയുടെ വാദം പൊളിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്ന് രംഗത്തെത്തിയിരുന്നു. മോര്‍ഫ് ചെയ്ത വീഡിയോ ഉണ്ടെന്ന് ശൈലജ തിര‍ഞ്ഞെടുപ്പ് കമ്മീഷന് നല്‍‍കിയ പരാതിയില്‍ വ്യക്തമായി പറഞ്ഞുവെന്ന പരാതി പുറത്തുവിട്ടാണ് കോണ്‍ഗ്രസ് ഖണ്ഡിക്കുന്നത്. പരാതിയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. അതേസമയം, ഷാഫി പറമ്പിലിനോട് മാപ്പ് പറയുന്ന പ്രശ്നമില്ലെന്ന് ശൈലജ മനോരമ ന്യൂസിനോട് പറഞ്ഞു. നിയമനടപടി തുടരുമെന്ന് ഷാഫിയും വ്യക്തമാക്കി.

ഈ മാസം പതിനാറിന് തിര‍ഞ്ഞെടുപ്പ് കമ്മീഷന് കെ കെ ശൈലജ നല്‍കിയ പരാതിയില്‍ രണ്ടിടത്താണ് വീഡിയോ ഉണ്ടെന്ന് പരാമര്‍ശിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് വീഡിയോ ഉണ്ടെന്ന് താന്‍ പറഞ്ഞിട്ടേയില്ലെന്ന ശൈലജയുടെ വാദം കോണ്‍ഗ്രസ് പൊളിച്ചത്. കെ കെ ശൈലജ വ്യാജ പരാതി നല്‍കിയെന്ന് കാട്ടി നിയമനടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

വാക്കുമാറ്റിയിട്ടില്ലെന്നാണ് കെ കെ ശൈലജ ആവര്‍ത്തിക്കുന്നത്. ഷാഫിയുടെ വക്കീല്‍ നോട്ടീസ് കിട്ടിയിട്ടില്ല. അശ്ലീല വീഡിയോ ഇല്ലെന്ന് പറഞ്ഞതിനെ പാര്‍ട്ടി സെക്രട്ടറി തന്നെ തിരുത്തിയെന്നും ജനങ്ങള്‍ ഇതെല്ലാം മനസിലാകുന്നുണ്ടെന്നും ഷാഫിയുടെ മറുപടി

അതിനിടെ ആദ്യമായി ഷാഫി പറമ്പിലിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും, സിപിഎം നൊച്ചാട് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.കെ അജീഷിനെതിരെയാണ് കോഴിക്കോട് റൂറല്‍ പൊലീസ് കേസെടുത്തത്. ഷാഫി പറമ്പിലിനെയും മുസ്ലിം സമുദായത്തെയും അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുകയും അതുവഴി സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്

Shafi filed a complaint against KK Shylaja and MV Govindan to the DGP