പങ്കാളിത്ത പെന്‍ഷന്‍; സര്‍ക്കാരിനെ വിമർശിച്ച് കാനം രാജേന്ദ്രന്‍

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാത്തതില്‍ സര്‍ക്കാരിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇക്കാര്യം പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍റെ റിപ്പോര്‍ട്ട് രഹസ്യമാക്കി വയ്ക്കുന്നതെന്തിനെന്ന് കാനം ചോദിച്ചു. കാല്‍ ലക്ഷം പേരെ പങ്കെടുപ്പിച്ച് ജോയിന്‍റ് കൗണ്‍സില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലായിരുന്നു കാനത്തിന്‍റെ വിമര്‍ശനം. ചുമട്ടുതൊഴിലാളി നിയമത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യുവും ഇന്ന് സമരം നടത്തി. 

എല്‍.ഡി.എഫ് വരും എല്ലാം ശരിയാകുമെന്ന മുദ്രാവാക്യത്തോടെ അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ വാഗ്ദാനമായുന്നു സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്നത്. ആറു വര്‍ഷം കഴിഞ്ഞെങ്കിലും ഒരു തീരുമാനവുമുണ്ടാത്തതോടെയാണ് സി.പി.ഐയുടെ സര്‍വീസ് സംഘടന സ്വന്തം സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് ചെയ്തത്.

ഇനിയും ഇതുപോലെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്താന്‍ ഇടവരുത്തരുതെന്ന മുന്നറിയിപ്പോടെയാണ് കാനം നിര്‍ത്തിയത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കാന്‍ നിയോഗിച്ച കമ്മറ്റി റിപ്പോര്‍ട്ട് നല്‍കി വര്‍ഷം മൂന്നായി. തുടര്‍നടപടിയെടുക്കുകയോ വിവരാവകാശപ്രകാരം അത് പുറത്തുവിടുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് സി.പി.ഐ സംഘടന സമരത്തിനിറങ്ങിയത്. ഭരണം കയ്യിലുണ്ടായിട്ടും നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് സി.ഐ.ടി.യുവും ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിലെ ഗതാഗതം സ്തംഭിപ്പിച്ചു. ചുമട്ടുതൊഴിലാളി യൂണിയനും ഓട്ടോ കണ്‍സള്‍ട്ടന്‍റ്സ് വര്‍ക്കേഴ്സ് യൂണിയനുമാണ് സര്‍ക്കാരിനെ തിരുത്താന്‍ സമരവുമായി ഭരണസിരാകേന്ദ്രത്തിന് മുന്നിലെത്തിയത്.