കടുത്ത നിയന്ത്രണം, 7 ദിവസം ക്വാറന്റീൻ; വലഞ്ഞ് കേരളവും മഹാരാഷ്ട്രയും

കോവിഡ് പടർന്നു പിടിക്കുന്ന കേരളം , മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രങ്ങളുമായി കൂടുതൽ സംസ്ഥാനങ്ങൾ. കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും വരുന്ന മുഴുവൻ ആളുകൾക്കും തമിഴ്നാട്ടിൽ 7 ദിവസത്തെ ഹോം ക്വാറന്റീൻ നിര്‍ബന്ധമാക്കി. അതേസമയം, മഹാരാഷ്ട്രയില്‍ കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയതോടെ രാജ്യത്തെ പ്രതിദിന കണക്കും ഉയരുകയാണ്.

മഹാരാഷ്ട്രയിലും കേരളത്തിലും ആശങ്കയുയര്‍ത്തി കോവിഡ് ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള തമിഴ്നാട് തീരുമാനം. 7 ദിവസത്തെ ഹോം ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കിയതിന് പുറമെ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. വിമാന, ട്രെയിൻ, ബസ് യാത്രക്കാർക്കു നിയന്ത്രണം ബാധകമാണ്. ഇരു സംസ്ഥാങ്ങളിൽ നിന്നുമുള്ള ആളുകൾക്കു ആർ ടി പി സി ആർ പരിശോധന ഫലം നിർബന്ധമാക്കി. ഡൽഹിയും കർണാടകവും ബംഗാളും നേരത്തെ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ നാല് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കേസാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. വാഷിം ജില്ലയിലെ സ്കൂള്‍ ഹോസ്റ്റലില്‍ 229 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 

മൂന്ന് ജീവനക്കാരും അധ്യാപകരും പോസിറ്റീവായി. വിദര്‍ഭ ജില്ലയിലെ മൂന്ന് ജില്ലകളില്‍ പ്രാദേശിക ലോക് ഡൗണ്‍ തുടരുകയാണ്. രോഗവ്യാപനം കുറഞ്ഞില്ലെങ്കില്‍  സംസ്ഥാനത്ത് വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്. രാജ്യത്ത് 24 മണിക്കൂറിനിടെ കേസുകളുടെ എണ്ണവും മരണനിരക്കും ഉയര്‍ന്നു. ഇന്നലെ 16,738 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 138 പേര്‍ മരിച്ചു. 11,799 പേര്‍ക്ക്  രോഗം ഭേദമായി.