‘ഞാനും 2 പെണ്‍കുട്ടികളും എങ്ങനെ ജീവിക്കും’; ഉള്ളുപൊള്ളി ഷെഫീഖിന്‍റെ ഭാര്യ

പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികൾ, സ്വന്തമായി ഒരു തുണ്ടു ഭൂമിയില്ല, ജോലിയില്ല, ഹൃദ്രോഗത്തിനു ചികിത്സയിലും– ഇനി എങ്ങനെ ജീവിക്കുമെന്നു സെറീനയ്ക്കറിയില്ല. ഏക ആശ്രയമായിരുന്ന ഭർത്താവ് ഷെഫീഖ് മരിച്ചതോടെ ഈ 35 വയസ്സുകാരിയുടെ ജീവിതം തന്നെ ഇരുട്ടിലായി. ഭക്ഷണം, വീടിന്റെ വാടക, കുട്ടികളുടെ പഠനം എന്നിവയെല്ലാം അനിശ്ചിതത്വത്തിലായി. മൂത്തമകൾ സയന കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് സ്കൂളിൽ എട്ടാം ക്ലാസിലും ഇളയ മകൾ സന മൈക്ക സ്കൂളിൽ എൽകെജിയിലും പഠിക്കുന്നു.

ഹൃദ്രോഗത്തിന് എട്ടാം വയസ്സിൽ സെറീനയ്ക്കു ശസ്ത്രക്രിയ നടത്തിയിരുന്നു. ഇപ്പോഴും തുടർചികിത്സ ആവശ്യമാണ്. കാഞ്ഞിരപ്പള്ളി ടൗണിലെ ചുമട്ടുതൊഴിലാളിയായ തൈപ്പറമ്പിൽ ഇസ്മായിലിന്റെയും റഷീദയുടെയും രണ്ട് ആൺ മക്കളിൽ മൂത്ത മകനായ ഷെഫീഖ് ജീവിക്കാൻ പല ജോലികൾ ചെയ്തു. പത്താം ക്ലാസു വരെ പഠിച്ചു. തുടർന്നു സ്വന്തമായി ചെറിയ കച്ചവടങ്ങൾ തുടങ്ങി.

ആക്രി സാധനങ്ങൾ ശേഖരിച്ചു വിൽക്കലായിരുന്നു ആദ്യം. പിന്നീട് ഉത്സവപ്പറമ്പുകളിൽ ബലൂൺ കച്ചവടം. ഇതിനിടെ സെറീനയുമായി സ്നേഹത്തിലായി. വീട്ടുകാർ ആദ്യം എതിർത്തെങ്കിലും ഇരുവരും പിൻമാറാൻ തയാറാകാതെ വന്നതോടെ വിവാഹം. പിന്നീടു മുട്ടക്കോഴി കച്ചവടമായി. ഇതിൽ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ടു കുടുംബം കഷ്ടിച്ചു കടന്നു കൂടുമ്പോഴാണു സാമ്പത്തികത്തട്ടിപ്പ് ആരോപിച്ചു തിങ്കളാഴ്ച പൊലീസ് ഷെഫീഖിനെ അറസ്റ്റ് ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തനിക്കറിയില്ലെന്നു സെറീന പറയുന്നു.

സനമോൾ ഉപ്പയെ കണ്ടു; ഉള്ളുലഞ്ഞ് ബന്ധുക്കൾ

ഷെഫീഖിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോൾ ഉമ്മ റഷീദയുടെയും ഭാര്യ സെറീനയുടെയും മകൾ സയനയുടെയും കരച്ചിൽ കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി. എന്താണു സംഭവിച്ചതെന്ന് അറിയാനുള്ള പ്രായമില്ലാത്ത നാലു വയസ്സുകാരി മകൾ സന ഉപ്പയെ അവസാനമായി ഒരു നോക്കു കാണാനെത്തിയപ്പോൾ വീട്ടിൽ കൂട്ടക്കരച്ചിലായി..

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ രാത്രി ഏഴരയായി. 10 മിനിറ്റ് വച്ച ശേഷം മൃതദേഹം നൈനാർ പള്ളിയിലേക്കു കൊണ്ടു പോയി. രാത്രി എട്ടു മണിയോടെ നൈനാർ പള്ളി കബർസ്ഥാനിൽ കബറടക്കി. ആന്റോ ആന്റണി എംപി നൈനാർ പള്ളിയിലും മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് വീട്ടിലെത്തിയും അന്തിമോപാചരമർപ്പിച്ചു