പച്ചക്കറിക്കുള്ള തറവില അക്കൗണ്ടിലെത്താൻ കാലതാമസം; കർഷകർക്ക് തിരിച്ചടി

പച്ചക്കറിക്കുള്ള തറവില അക്കൌണ്ടിലേക്ക് വരാനുള്ള കാലതാമസം വയനാട്ടിലെ കർഷകർക്ക് തിരിച്ചടിയാകുന്നു. രജിസ്റ്റർ ചെയ്ത് നിശ്ചിത കേന്ദ്രങ്ങളിൽ വിളവ് നൽകിയാൽ രണ്ട്  മാസം കഴിഞ്ഞാണ് തുക ലഭിക്കുന്നത്. പണത്തിനു തിടുക്കമുള്ളതിനാൽ 

കുറഞ്ഞ വിലക്ക് പുറത്ത്  പാവൽ വിൽക്കുകയാണ് വയനാട്ടിലെ  ചില കർഷകർ. 

വയനാട് വിളമ്പുകണ്ടം എന്ന സ്ഥലത്തെ പാവൽ തോട്ടമാണിത്. കിലോക്ക് മുപ്പത് രൂപയാണ് സർക്കാർ പ്രഖ്യാപിച്ച സംഭരണ വില. എന്നാൽ തുക ലഭിക്കാനുള്ള കാലതാമസം  ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് കർഷകർ പറയുന്നു. കടമെടുത്തും മറ്റും കൃഷി നടത്തിയവർക്ക്  പണത്തിനു തിടുക്കമുണ്ട്. 

വിപണി വിലയുടെ പകുതിക്ക് വിൽക്കാൻ ഒരുങ്ങുകയാണ് ചിലർ. കുറഞ്ഞ വിലയാണെങ്കിലും പുറത്ത് വിൽപന നടത്തുമ്പോൾ ഉടനടി പണം കിട്ടുന്നതാണ് മെച്ചം. വിളവെടുപ്പു സമയത്തു വിലയിടിവ് പതിവായതോടെ കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണെന്നു കർഷകർ പറയുന്നു.

പതിനാറിനം പച്ചക്കറികൾക്കാണ് സർക്കാർ തറ വില നിശ്ചയിച്ചത്. ഇതിനായി  കർഷകർ ആദ്യം കൃഷിവകുപ്പ് പോർട്ടലിൽ രജിസ്ട്രേഷൻ നടത്തണം. എന്നാൽ ജില്ലയിലെ കുറഞ്ഞ കർഷകരെ റജിസ്റ്റർ ചെയ്തിട്ടുള്ളു. ഇതെക്കുറിച്ച് അറിവില്ലാത്തതാണ്   കാരണം.