കൃഷിയിടങ്ങളിൽ ഭീഷണിയായി കാട്ടുപന്നികളും കാട്ടാനക്കൂട്ടവും; പകച്ച് കോരുത്തോട്

കോട്ടയം കോരുത്തോട് പഞ്ചായത്തിലെ കൃഷിയിടങ്ങൾക്ക് ഭീഷണിയായി കാട്ടുപന്നികളും കാട്ടാനക്കൂട്ടവും. റബറും, വാഴയും കപ്പയും ഉൾപ്പെടെ ഏകർ കണക്കിന് കൃഷി നശിച്ചു. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. 

കോട്ടയം കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി മൈനാകുളത്താണ് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി  സംഹാരതാണ്ഡവമാടിയത്. കൊമ്പുകുത്തി റോഡിൽ ആനക്കൂട്ടങ്ങൾ പതിവാണെങ്കിലും കൃഷിയിടങ്ങളിൽ കയറുന്നതും നശിപ്പിക്കുന്നതും ഇതാദ്യമാണ്. റബ്ബർ, വാഴ, കപ്പ, ചേന, കമുക്, ഇഞ്ചി തുടങ്ങിയ കൃഷികൾ എല്ലാം ആന നശിപ്പിച്ചു. കുലക്കാറായ നിരവധി വാഴകളും പിഴുതു കളഞ്ഞു.  ആനയ്ക്ക് പുറമേ കാട്ടുപന്നിയുടെ ശല്യവും മേഖലയിൽ രൂക്ഷമാണ്. ഒരു കുട്ടിക്കൊമ്പൻ ഉൾപ്പെടെ ഇരുപതോളം ആനകളാണ് കാടിറങ്ങുന്നത്.  

സോളാർ വേലികൾ ഉണ്ടെങ്കിലും  അത് തകർത്താണ്  കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ ഇറങ്ങുന്നത്. ചൊവ്വാഴ്ച രാവിലെയും ആനകൾ ജനവാസമേഖലയിലെത്ത ഇവയെ വനംവകുപ്പ് അധികൃതരെത്തി തുരത്തി.  കൃഷിയിടങ്ങൾ വന്യമൃഗങ്ങൾ കീഴടക്കിയതോടെ  എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഗ്രാമവാസികൾ.  ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.