വെള്ളപ്പൊക്കത്തെ അതിജീവിച്ച് പച്ചക്കറി കൃഷി; മാതൃകയായി ഈ അധ്യാപകരും വിദ്യാർഥികളും

വെള്ളപ്പൊക്കത്തെ അതിജീവിച്ച് സ്കൂളിൽ കൃഷി ചെയ്ത പച്ചക്കറിയുടെ വിളവെടുപ്പ് തുടങ്ങി. തലവടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് കൃഷി വിജയമാക്കിയത്. 

ലോക്ഡൗണ്‍ കാലത്ത് പ്രിന്‍സിപ്പല്‍ എസ്. അഞ്ജനയുടെയും ലാബ് ടെക്‌നിഷ്യന്‍ പി. അഗസ്ത്യാനോസിന്റെയും നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്.  മറ്റ് അധ്യാപകരും പങ്കാളികളായി. പ്രധാന ഓഡിറ്റോറിയം കാടുകയറിയതോടെ അത് ഒഴിവാക്കുക എന്നതും ലക്ഷ്യമായിരുന്നു.സ്‌കൂള്‍ തുറന്നതോടെ കുട്ടികള്‍ സംരക്ഷണം ഏറ്റെടുത്തു.

തക്കാളി, വഴുതന, പച്ചമുളക്, കത്തിരിക്ക, പയര്‍, വെണ്ട തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ഇവിടെ വിളയിച്ചിട്ടുണ്ട്. സ്‌കൂള്‍ തുറന്നതോടെ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തിനും അത്യാവശ്യം വേണ്ട വില്‍പനയ്ക്കും ഉപയോഗിക്കുന്നുണ്ട്.   കുട്ടനാട്ടില്‍ ഒരിടത്തും പച്ചക്കറികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇത്രയധികം വിളവ് കാണുന്നതിനു പോലും ആളുകള്‍ എത്തുന്നുണ്ട്. കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.പച്ചക്കറി വിത്തും ഗ്രോബാഗും വാങ്ങി ആണ് കൃഷി ആരംഭിച്ചത്. സ്‌കൂളിലെ കാർഷിക വിഭാഗത്തിന്  എന്‍എഎഫ് ലാബ് പര്‍ച്ചേസ് വഴി ലഭിച്ച ജൈവ വളം ഉപയോഗിച്ചു.