ഗുണങ്ങൾ ഏറെ, ആദായവും ഏറെ; മധുരതുളസി കൃഷിയിൽ വിജയം കൊയ്ത് ഷാജി

പഞ്ചസാരയേക്കാൾ 30 ഇരട്ടി മധുരമുള്ള മധുരതുളസി കൃഷിയിലൂടെ വരുമാനം കണ്ടെത്തുകയാണ് പരിയാരം ശ്രീസ്ഥയിലെ കെ.വി.ഷാജി. കണ്ണൂർ ജില്ലയിലെ ജനങ്ങൾ വളരെ വിരളമായി മാത്രമേ ഉപയോഗിക്കുന്നുള്ളു എന്നതിനാലാണ് കൃഷി വ്യാപിപ്പിക്കാൻ ഷാജി തീരുമാനിച്ചത്. വിക്സ് തുളസിയുടെ കൃഷിയും മറ്റൊരു വരുമാനമാർഗമായി ഷാജിയുടെ കൃഷിയിടത്തിൽ മാറിക്കഴിഞ്ഞു.

പഞ്ചസാരയേക്കാൾ 30 ഇരട്ടി മധുരമുള്ള ചെടിയാണെങ്കിലും കലോറി 0% ആയതിനാൽ കടുത്ത പ്രമേഹം ഉള്ള രോഗികൾക്കും ഇതിന്റെ മധുരം ഉപയോഗിക്കാം.  ഇതിന്റെ ഉപയോഗത്തെപ്പറ്റി ജനങ്ങൾക്ക് അറിവില്ലെന്നതാണ്‌ ഉപയോഗം കുറയാന്‍ കാരണമായി ഷാജി പറയുന്നത്. യൂട്യൂബിൽ നിന്ന് ഇതിന്റെ ഗുണം അറിഞ്ഞതോടെ  തിരുവനന്തപുരത്ത് നിന്നും ഗ്രോ ബാഗിൽ മധുരതുളസി തൈകൾ നാട്ടിൽ എത്തിക്കുകയായിരുന്നു. കൃഷി ചെയ്യുമ്പോൾ 3 മാസം കൊണ്ട് ഇവ പൂവിടും. അപ്പോൾ ഇതിന്റെ ഇലകൾ ഉൾപ്പടെ എടുത്ത് ഉണക്കി പൊടിച്ച് ചൂട് വെള്ളത്തിൽ 5 മുതൽ 7 മിനിറ്റ് വരെ തിളപ്പിച്ച് ഇവ ഉപയോഗിക്കാവുന്നതാണ്. വീട്ടിൽ കൃഷി വ്യാപിപ്പിച്ചതോടെ നിരവധി പേരാണ് ആവശ്യക്കാരായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഷാജിയെ തേടി എത്തുന്നത്.

ജനങ്ങൾ ഇത് വാങ്ങാൻ മടിക്കുന്ന മറ്റൊരു പ്രധാന കാരണം വിലയാണെന്ന് ഷാജി പറയുന്നു. മറ്റിടങ്ങളിൽ 100 രൂപയോളം ഒരു ചെടിക്ക് വാങ്ങുന്നുണ്ടെങ്കിലും 3 എണ്ണത്തിന് 250 രൂപയ്ക്കാണ് ഷാജി വില്പന നടത്തുന്നത്. ഒരു ചെടിയിൽ നിന്നും അഞ്ചുവർഷം വരെ ആദായം ലഭിക്കുമെന്നതാണ് മറ്റൊരു ഗുണം. ആവശ്യക്കാർക്ക് കൊറിയറിലൂടെയും ഷാജി തൈകള്‍ എത്തിച്ചു നല്‍കുന്നുണ്ട്.