ഗ്രോ ബാഗുകള്‍ക്കു പകരം പുനരുപയുക്ത സംവിധാനം; വേറിട്ട് സംരംഭകൻ

മണ്ണില്ലാകൃഷിയില്‍ പുനരുപയുക്ത സംവിധാനമൊരുക്കി സംരംഭകന്‍. ഗ്രോ ബാഗുകള്‍ക്കു പകരം പ്ലാസ്റ്റിക് ബക്കറ്റിലാണ് കൃഷി. ദീര്‍ഘകാലം ഉപയോഗിക്കാമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.

തിരി നന സംവിധാനത്തിന്റെ പരിഷ്കരിച്ച പതിപ്പാണിത്. വെള്ളവും വളവും നിറയ്ക്കാന്‍ ചെറിയൊരു ചട്ടി. അതിനുമുകളില്‍ എടുത്തുമാറ്റാവുന്ന വിധം പ്ലാസ്റ്റിക് ബക്കറ്റ്. ഇതിലാണ് പോട്ടിങ് മിശ്രിതം നിറച്ച് ചെടി നടുന്നത്. ഒരോ ചട്ടിയെയും ചെറിയ പി.വി.പി പൈപ്പുകൊണ്ട് പരസ്പരം ബന്ധിപ്പിക്കാന്‍ സംവിധാനം. ഇത്രയുമാണ് പുതിയ ക്രമീകരണത്തിലുള്ളത്. ഒരു വര്‍ഷം ഒരു കോടിയിലധികം ഗ്രോ ബാഗുകള്‍ കേരളത്തില്‍ വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. ഒന്നോ രണ്ടോ കൃഷിക്കുശേഷം ഉപയോഗശൂന്യമാകുന്ന ഈ പ്ലാസ്റ്റിക് ബാഗുകള്‍ കുറയ്്ക്കാമെന്നതാണ് പുതിയ സംവിധാനത്തിന്റെ നേട്ടം.

അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഉപയോഗിക്കാന്‍ സാധിക്കുന്ന പുനരുപയുക്ത സംവിധാനത്തിന് ഒരു യൂണിന് മുന്നൂറ്റിയന്‍പതു രൂപ ചെലവുണ്ട്. വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിന് മുന്നോടിയായി പേറ്റന്റും സ്വന്തമാക്കിയിട്ടുണ്ട്.