തുറക്കാനൊരുങ്ങി കോളജുകൾ; സമരത്തിനൊരുങ്ങി അധ്യാപകർ

നീണ്ട കോവിഡ് കാല പൂട്ടിയിടലിനുശേഷം കോളജുകള്‍ തുറക്കുമ്പോള്‍ സമരം പ്രഖ്യാപിച്ച് അധ്യാപകര്‍. അധ്യാപക–വിദ്യാര്‍ഥി സംഘടനകളോട് ചര്‍ച്ച ചെയ്യാതെ പ്രവര്‍ത്തിസമയം ദീര്‍ഘിപ്പിച്ചതും ശനിയാഴ്ച പ്രവര്‍ത്തിദിനം ആക്കിയതുമാണ് ഒരുവിഭാഗം അധ്യാപകരെ പിണക്കിയത്.

വരുന്ന തിങ്കളാഴ്ച കോളജുകള്‍ തുറക്കുമ്പോള്‍ പ്രവര്‍ത്തനസമയം രാവിലെ എട്ടരമുതല്‍ വൈകുന്നേരം അഞ്ചുവരെ ആയിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന് പുറമെ ഞായറാഴ്ച മാത്രമെ ഇനി അവധി ഉണ്ടാകു. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തിയറി പഠനമെല്ലാം പൂര്‍ത്തിയായതാണെന്നും ഇനി പ്രാക്ടിക്കല്‍മാത്രമാണ് ശേഷിക്കുന്നതെന്നും അധ്യാപകര്‍ പറയുന്നു. ഇതിന് ഈ രീതിയിലുള്ള ക്രമീകരണം ആവശ്യമില്ലെന്നും ജോലി ചെയ്ത് പഠിക്കുന്ന കുട്ടികളെ സമയമാറ്റം ബാധിക്കുമെന്നുമാണ് വാദം. 

പുതുവര്‍ഷ ദിനത്തില്‍ അവധിയെടുത്ത് പ്രതിഷേധിക്കാന്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കോളജ് തുറക്കുന്ന ദിവസംമുതല്‍ ആറുമണിക്കൂര്‍മാത്രം ജോലി ചെയ്യാനും ശനിയാഴ്ച ദിനങ്ങളില്‍ ജോലിക്ക് വരാതിരിക്കാനും അംഗങ്ങള്‍ക്ക് നിര്‍ദേശവും നല്‍കി.