കടകൾ അടപ്പിച്ച് സമരക്കാർ; വാക്കുകള്‍ പാലിക്കപ്പെട്ടില്ല; ദുരിതം പറഞ്ഞ് വ്യാപാരികൾ

രണ്ടാം ദിവസവും കേരളത്തില്‍ പൊതുപണിമുടക്ക് പൂര്‍ണം. സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചിരുന്നുവെങ്കിലും പലയിടങ്ങളിലും സമരക്കാര്‍ ബലം പ്രയോഗിച്ച് കടകള്‍ അടപ്പിച്ചത് സംഘര്‍ഷത്തിനിടയാക്കി. തിരുവനന്തപുരം ലുലു മാളിനു മുന്നില്‍ പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ വാക്കുകള്‍ പാലിക്കപ്പെട്ടില്ല.  കടകള്‍ തുറക്കാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നായിരുന്നു വ്യാപാരികളുടെ പ്രതികരണം.  

തിരുവനന്തപുരം ചാല കമ്പോളത്തില്‍ തുറന്നത് പൂക്കടകള്‍ മാത്രം. പ്രധാനവ്യാപാകരകേന്ദ്രമായ മിഠായിത്തെരുവില്‍ കടകള്‍ തുറന്നെങ്കിലും സമരക്കാര്‍ എത്തി അടപ്പിച്ചു. നാദാപുരം,  കാരന്തൂര്‍, കുന്ദമംഗലം, അണ്ടിക്കോട് എന്നിവിടങ്ങളിലും തുറന്ന കടകള്‍ സമരക്കാര്‍ ബലംപ്രയോഗിച്ച് അടപ്പിച്ചു.