ജോലിക്കെത്തിയ ജീവനക്കാർക്ക് മർദനം; അധ്യാപകരെ പൂട്ടിയിട്ടു; വ്യാപക അക്രമം

പാലക്കാട് ആലത്തൂർ കാവശേരിയിൽ കെഎസ്ഇബി ജീവനക്കാർക്ക് സമരാനുകൂലികളുടെ മർദനം. പാടൂർ സെക്ഷൻ ഓഫിസിലെ ജീവനക്കാരെയാണ് ഇരുപതിലധികം വരുന്ന സമരാനുകൂലികൾ ഓഫിസിൽ കയറി മർദിച്ചത്. തൃശൂര്‍ ആര്‍.ടി.ഒ ഓഫിസ് സമരാനുകൂലികള്‍ പൂട്ടിയിട്ടു. കൊല്ലം ചിതറ സ്കൂളില്‍ അസഭ്യം പറഞ്ഞ് അധ്യാപകരെ പൂട്ടിയിട്ടു. 

ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇരുപതിലധികം വരുന്ന സംഘമാണ് ആക്രമിച്ചതെന്ന് കെ.എസ്.ഇ.ബി ജീവനക്കാര്‍. വനിത ഉള്‍പ്പെടെയുള്ള സമരാനുകൂലികള്‍ പാടൂരിലേക്ക് എത്തുന്നതും ആക്രമണത്തിന് ശേഷം ബൈക്കില്‍ മടങ്ങുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തൃശൂര്‍ ആര്‍.ടി.ഒ ഓഫിസ് പ്രതിഷേധക്കാര്‍ താഴിട്ട് പൂട്ടി. ജീവനക്കാര്‍ ആരുമെത്തിയിരുന്നില്ല. കൊല്ലത്ത് സ്കൂളിലെ സ്റ്റാഫ് മുറിയില്‍‌ കയറി സമരാനുകൂലികള്‍ അസഭ്യം പറയുകയും അധ്യാപകരെ പൂട്ടിയിടുകയും ചെയ്തു.