‘രണ്ടിലയ്ക്കു പകരം പ്ലാവില’; ചക്കകൃഷി പഠിക്കാന്‍ പി. ജെ. ജോസഫെത്തി

തൃശൂര്‍ കുറുമാല്‍കുന്നിലെ ആയുര്‍ ജാക്ക് തോട്ടത്തില്‍ ചക്കകൃഷി പഠിക്കാന്‍ കേരള കോണ്‍ഗ്രസ് ( എം) നേതാവ് പി.ജെ.ജോസഫ് എത്തി. അപൂര്‍വയിനം പ്ലാവിന്‍തൈ നട്ടാണ് പി.ജെ.ജോസഫ് മടങ്ങിയത്. 

 വര്‍ഷം മുഴുവന്‍ ചക്കകിട്ടുന്ന ആയുര്‍ ജാക്ക് തോട്ടത്തിലേയ്ക്കായിരുന്നു കേരള കോണ്‍ഗ്രസ് (എം) നേതാവ് പി.ജെ.ജോസഫിന്റെ വരവ്. പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായ വര്‍ഗീസ് തരകന്റെ തോട്ടമാണിത്. ചുരുങ്ങിയ കാലം കൊണ്ട് കായ്ക്കുന്ന ആയുര്‍ജാക്ക് ചക്കത്തോട്ടം അഞ്ചേക്കറുണ്ട്. തോട്ടം മുഴുവന്‍ നടന്നു കണ്ടു. 

പിന്നാലെ, അപൂര്‍വയിനം പ്ലാവിന്‍ തൈ നട്ടു. വളരെ ചെറിയ ഇലകളുള്ള പ്ലാവിന്‍ തൈ. കാമറയ്ക്കു മുമ്പില്‍ രണ്ടിലയുടെ രാഷ്ട്രീയം പറഞ്ഞില്ല. പകരം പറഞ്ഞതാകട്ടെ, പ്ലാവില നല്‍കുന്ന ഓക്സിജനെക്കുറിച്ചായിരുന്നു. തൊടുപുഴയില്‍ സമാനമായി ചക്കത്തോട്ടം ഒരുക്കണമെന്നാണ് ആഗ്രഹം.

തോട്ടത്തിലെ പ്ലാവുകള്‍ക്ക് തീരെ ഉയരം കുറവായതിനാല്‍ താഴെ നിന്നു തന്നെ ചക്ക പൊട്ടിക്കാം. അതുകൊണ്ടുതന്നെ, ചക്കയിട്ട് അത് മുറിച്ച് രുചി നോക്കിയ ശേഷമാണ് പി.ജെ.ജോസഫ് മടങ്ങിയത്.