നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; മുൻ എസ്.പിയെ നുണപരിശോധനക്ക് വിധേയമാക്കും

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ഇടുക്കി മുന്‍ എസ്.പി കെ.ബി. വേണുഗോപാലടക്കം മൂന്ന് പൊലീസുകാരെ നുണ പരിശോധനക്ക് വിധേയമാക്കും. ഡിവൈ.എസ്.പിമാരായ ഷംസ്, അബ്ദുള്‍ സലാം എന്നിവരെയും പരിശോധനക്ക് വിധേയമാക്കാന്‍ അനുമതി തേടി സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മൂന്ന് പേര്‍ക്കും അനധികൃത കസ്റ്റഡിയും മര്‍ദനവും അറിയാമായിരുന്നെന്ന സംശയത്തിലാണ് സി.ബി.ഐയുടെ നടപടി.

രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകത്തില്‍ ഉന്നത ഉദ്യോഗസ്ഥരിലേക്ക് സി.ബി.ഐ അന്വേഷണം നീട്ടുകയാണ്. രാജ്കുമാര്‍ കൊല്ലപ്പെടുമ്പോള്‍ ഇടുക്കി എസ്.പിയായിരുന്ന കെ.ബി.വേണുഗോപാല്‍, കട്ടപ്പന ഡിവൈ.എസ്.പിയായിരുന്ന ഷംസ്, സ്പെഷ്യല്‍ ബ്രാഞ്ചിന്റെ ചുമതലയുണ്ടായിരുന്ന അബ്ദുള്‍ സലാം എന്നിവരെയാണ് നുണപരിശോധനക്ക് വിധേയമാക്കുന്നത്. മൂവരുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിരുന്നു. 2019 ജൂണ്‍ 12നാണ് പണമിടപാട് കേസില്‍ രാജ്കുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്. 

രാജ്കുമാര്്‍ തട്ടിയെടുത്തെന്ന് പറയുന്ന പണം കണ്ടെത്താനായി അനധികൃതമായി കസ്റ്റഡിയില്‍ വച്ച് നടത്തിയ മര്‍ദനമാണ് മരണത്തിലേക്കെത്തിയതെന്നാണ് കേസ്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതും ചോദ്യം ചെയ്യുന്നതും എസ്.പി ഉള്‍പ്പെടെ അറിഞ്ഞിരുന്നെന്നാണ് സംശയം. താഴേതട്ടിലുള്ള ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടുണ്ട്. വേണുഗോപാലിന്റേതടക്കം ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴും ഈ സംശയം ബലപ്പെട്ടു. എന്നാല്‍ കസ്റ്റഡിയോ മര്‍ദനമോ അറിഞ്ഞില്ലെന്നാണ് മൂവരുടെയും മൊഴി. ഈ സാഹചര്യത്തിലാണ് നുണപരിശോധന. ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചോ ഇപ്പോള്‍ മൂവരെയും പ്രതിചേര്‍ത്തിട്ടില്ല. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരെന്ന നിലയില്‍ കസ്റ്റഡി മര്‍ദനം തടയാന്‍ ഇവര്‍ക്ക് ബാധ്യതയുണ്ടായിരുന്നെന്ന് സി.ബി.ഐ ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു.