ഗാന്ധിജി മലയാളക്കരയെ തൊട്ടിട്ട് ഒരു നൂറ്റാണ്ട്; ചരിത്രനിമിഷത്തിൽ കോഴിക്കോട്

മലയാളക്കര ഗാന്ധിജിയെ തൊട്ട ചരിത്രമൂഹൂര്‍ത്തത്തിന് ഇന്ന് ഒരു നൂറ്റാണ്ട് തികയുകയാണ്. ദേശീയപ്രസ്ഥാനത്തെ ആളിക്കത്തിച്ചുകൊണ്ട് കൊടുങ്കാറ്റുപോലെ യാത്രചെയ്ത മഹാത്മജിയുടെ ഒാര്‍മ്മകള്‍ കോഴിക്കോട് കടപ്പുറത്ത് ഇപ്പോഴും തിരയടിക്കുന്നുണ്ട്.

അഗ്നിയില്‍ സ്ഫുടം ചെയ്ത ജീവിതം,അതിനേക്കാള്‍ തിളക്കമുള്ള വാക്കുകള്‍,സമരാഗ്നിയെ ആളിക്കത്തിച്ച പ്രസംഗം അന്ന് കെ മാധവന്‍ നായര്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു.1920 ഒാഗസ്റ്റ് 18 വൈകുന്നേരം ആറരമണിക്കാണ്‌ ഗാന്ധിജിയുടെ ആദ്യസന്ദര്‍ശനത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്തെ വിഖ്യാതപ്രസംഗം. കെ.കേളപ്പനും കെപി കേശവമേനോനും മുഹമദ് അബ്ദുറഹിമാനും ഉള്‍പ്പെടെ സമരഭടന്മാര്‍ കൂടെ,ഇരുപതിനായിരത്തില്‍പ്പരം ആളുകള്‍ കോഴിക്കോട് കടപ്പുറത്ത് ഗാന്ധിയെന്ന ഒറ്റവികാരത്തില്‍ ഒന്നിച്ചു,പിന്നെയും നാല് വട്ടം ഗാന്ധി കേരളത്തില്‍ വന്നു,ഒാരോ വരവും ദേശീയപ്രസ്ഥാനങ്ങളെയും നേതാക്കളെയും ആവശംകൊള്ളിച്ചു.

ആദ്യതവണ വന്നപ്പോള്‍ ഗുജറാത്തി വ്യാപാരി ശ്യാംജി സുന്ദര്‍ദാസിന്റെ വീട്ടിലായിരുന്നു വിശ്രമം,ആ വീട് ഇന്ന് ഖാദിയുടെ കേന്ദ്രമായി ഗാന്ധിയുടെ സ്വദേശിസന്ദേശം പ്രചരിപ്പിക്കുന്നു,ശ്യാംജിയുടെ പിന്മുറക്കാര്‍ ഗുജറാത്തിലേക്ക് തിരിച്ചുപോയി,നാലാംവരവില്‍ കോഴിക്കോട് കല്ലായില്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളിലും വീടുകളിലും ഗാന്ധി നേരിട്ട് സന്ദര്‍ശിച്ചു.ഒട്ടേറെ രാഷ്ട്രീയപ്രസംഗങ്ങള്‍ക്കും സംഭവങ്ങള്‍ക്കും സാക്ഷ്യംവഹിച്ച കോഴിക്കോട് കടപ്പുറത്ത് ഗാന്ധിയെന്ന ആവേശം ഒാരോ മണല്‍ത്തരികളും ഒാര്‍ക്കുന്നുണ്ടാകും