നിയന്ത്രണങ്ങളോടെ മത്സ്യബന്ധനം; ആൾക്കൂട്ടവും ലേലം വിളിയുമില്ലാതെ ഹാർബറുകൾ

ഇന്ന് മുതല്‍ മീന്‍പിടിക്കാന്‍ പോകാമെങ്കിലും കോഴിക്കോട് ജില്ലയിലെ പ്രധാന ഹാര്‍ബറുകളെല്ലാം അടഞ്ഞ് കിടക്കും. കണ്ടെയ്ന്‍്മെന്റ് സോണായതും പ്രതികൂലകാലാവസ്ഥയുമാണ് മത്സ്യബന്ധനത്തിന് തടസമായിരിക്കുന്നത്. കടലില്‍ പോകാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി, അഴിയൂര്‍ ഉള്‍പ്പടെയുള്ള ഹാര്‍ബറുകള്‍ അടഞ്ഞുകിടക്കുകയാണ്. ഇവിടെനിന്ന് എന്ന് മത്സ്യബന്ധനത്തിന് പോകാമെന്ന് അറിയാന്‍ കഴിയാത്തതിനാല്‍ തൊഴിലാളികള്‍ ഒരുക്കങ്ങളും നടത്തിയിട്ടില്ല. അതേസമയം ഹാര്‍ബറുകളില്‍ പ്രവേശിക്കുന്നതിനടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ലോക് ഡൗണ്‍  സമയത്ത് നാട്ടില്‍ മടങ്ങിപോകാത്തവര്‍ക്കും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ പേര് റജിസ്റ്റര്‍ ചെയ്ത് മടങ്ങിയെത്തിയ അതിഥി തൊഴിലാളികള്‍ക്കും മാത്രമായിരിക്കും ജോലിക്ക് പോകാന്‍ അനുമതി നല്‍കുക. നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കത്തവര്‍ അത് പൂര്‍ത്തിയാക്കി കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കേറ്റും ഹാജരാക്കണം.

ഒരേസമയം ഏഴ് ബോട്ടുകള്‍ക്ക് മാത്രമെ കരയ്ക്ക് അടുപ്പിക്കാന്‍ അനുമതിയുള്ളു. അങ്ങനെ ഒരുദിവസം മുപ്പത് ബോട്ടുകള്‍ക്ക് കരയിലെത്താം. രാത്രി മീന്‍പിടിക്കാന്‍ പോകുന്നവര്‍ എട്ടുമണിക്ക് മുന്‍പായി പാസ് വാങ്ങി ബോട്ടില്‍ കയറണം. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഹാര്‍ബറുകളില്‍ ലേലം വിളിയും ഉണ്ടാവില്ല.