ലക്ഷദ്വീപിൽ കേരക്കൊയ്ത്ത്; ഒരു കിലോ തൂക്കം; കാണാനെത്തിയവർക്ക് 10 മീനുകൾ സമ്മാനം

കൊച്ചി: ലക്ഷദ്വീപിലെ ബിത്ര ദ്വീപിൽ കേരക്കൊയ്ത്ത്. ഒരു കിലോഗ്രാം വീതമുള്ള 4,800 ചെറിയ കേരകളാണ് ലഗൂണിനകത്തേക്കു കയറി മത്സ്യത്തൊഴിലാളികളുടെ വലയിലായത്. സാധാരണ ഇത്തരത്തിൽ കയറാറുണ്ടെങ്കിലും വലിയ കൂട്ടങ്ങൾ അപൂർവമായതിന്റെ ആഘോഷത്തിലായിരുന്നു ദ്വീപ് നിവാസികൾ. മീൻകൂട്ടം എത്തിയതറിഞ്ഞ മത്സ്യത്തൊഴിലാളികൾ വലയിട്ട് അവയെ വട്ടംപിടിച്ചു കരയ്ക്കു കയറ്റി.

മീൻകൂട്ടം കാണാനെത്തിയ എല്ലാവർക്കും പത്തു മീനുകൾ വീതം സമ്മാനം നൽകിയാണ് അയച്ചതെന്ന് ദ്വീപ് നിവാസിയും എൻജിനീയറുമയ മുസ്തഫ പറയുന്നു. ഏകദേശം 70 വീട്ടുകാർക്കെങ്കിലും ഇന്ന് മീൻ സൗജന്യമായി ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളത് ബോട്ടുകാർക്ക് വിറ്റു. 30– 40 രൂപയാണ് ദ്വീപിൽ ചെറിയ ചൂരയ്ക്കു വില കിട്ടുന്നത്. കരയിലെത്തിയാൽ 150 മുതൽ വില ലഭിക്കും. 

എല്ലാ വീട്ടിലും ‘മാസ്മീൻ’ 

ഇന്ന് എല്ലാ വീട്ടിലും മാസ്മീൻ (കടൽ വെള്ളത്തിൽ പുഴുങ്ങി പുകയിട്ട് ഉണക്കി മരക്കഷണം പോലെയാക്കി സൂക്ഷിക്കുന്ന മീൻ) ഉണ്ടാക്കുമെന്ന് അദ്ദേഹം പറയുന്നു. മഴക്കാലത്തേക്കുള്ള കരുതൽ എന്ന നിലയിൽ, അധികം ലഭിക്കുന്ന ചൂരയുപയോഗിച്ചാണ് സാധാരണ മാസ്മീൻ ഉണ്ടാക്കുക. കേര ഉപയോഗിച്ചും ഉണ്ടാക്കാറുണ്ട്.

സ്കിപ് ജാക്ക് എന്നു വിളിക്കുന്ന ചൂരയാണ് ഇതിനായി സാധാരണ ഉപയോഗിക്കാറ്. ഇവിടെ ലഭിച്ചിരിക്കുന്നത് കേരയുടെ ചെറുതാണ്. കണ്ണടിയാ എന്നും ലഡ്ഡി എന്നുമാണ് പ്രാദേശിക വിളിപ്പേര്. മാസ്മീൻ ചേർത്ത വിഭവങ്ങൾ ലക്ഷദ്വീപിന്റെ പതിവു ഭക്ഷണമാണ്. നീണ്ട കമ്പിൽ ചൂണ്ട കോർത്തുള്ള ചൂര മീൻപിടിത്തമാണ് ലക്ഷദ്വീപിൽ പരമ്പരാഗതമായി നടത്തി വരുന്നത്.

ഇതിനായി ഉപയോഗിക്കുന്നതാകട്ടെ ജീവനുള്ള മത്തിയും. ചൂരയുള്ളിടത്തേക്കു മത്തിയെറിഞ്ഞ് ബോട്ടിന് അടുത്തു വരുമ്പോൾ കമ്പിൽ കോർത്തെടുക്കുന്നതാണ് പതിവു രീതി. തുടർച്ചയായി പിടികൂടാൻ സാധിക്കുന്നതിനാൽ വലിയ അളവ് മത്സ്യങ്ങളെ വേട്ടയാടാനും സാധിക്കും. ഇതിൽനിന്നു വ്യത്യസ്തമായാണ് ലഗൂണുകളിലേക്കുള്ള മീനുകളുടെ കൂട്ടമായുള്ള കടന്നു വരവ്. ഇത് വല ഉപയോഗിച്ചു പിടിച്ച് കരയ്ക്കെത്തിക്കുകയാണ് മത്സ്യത്തൊഴിലാളികൾ ചെയ്യുന്നത്.