ആഡംബരകാറിൽ റോഡ് ഷോ; പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടു നൽകി; കുറ്റബോധമില്ലെന്ന് ഉടമ

കോതമംഗലം  ടൗണിലൂടെ  ആഡംബര കാറിനു മുകളിലേറി റോഡ് ഷോ നടത്തിയ  ക്വാറി ഉടമയുടെ  പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതി ജാമ്യവ്യവസ്ഥയിൽ വിട്ടു നല്കി. നാല് കോടി രൂപ വിലയുള്ള കാറും ആറ് ടോറസ് ലോറികളും വാങ്ങി ഒരു മാസം തികയും മുമ്പാണ് വാഹനങ്ങള്‍ കോതമംഗലം പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് സ്ഥാനംപിടിച്ചത്. ഡ്രൈവര്‍ക്ക് പരിശീലനം നല്‍കാന്‍ നിരത്തിലിറക്കിയപ്പോള്‍ പൊലീസ് തെറ്റിദ്ധരിച്ചതാണെന്ന് വ്യവസായി പറയുന്നു.

 പ്രമുഖ  ആഡംബരക്കാറിന്റെ രാജ്യത്തെ ആദ്യ ഉടമയാണ് വിവാദ വ്യവസായി റോയി കുര്യന്‍ . നാല് കോടി രൂപ നല്‍കി വാങ്ങിയ കാറും പുതിയ 6 ലോറികളും നിരത്തില്‍ നിരനിരയായിറക്കി റോഡ് ഷോ നടത്തിയതോടെ കോതമംഗലം പൊലീസ് വാഹനങ്ങള്‍  പിടിച്ചെടുത്തു. അപകടകരമാം വിധം വാഹനമോടിച്ചതിനും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും റോയിക്കും വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെ പൊലീസും മോട്ടോർ വാഹന വകുപ്പും കേസെടുത്തിരുന്നു. 

വെയിലും മഴയുമേറ്റ് കോടികളുടെ മുതല്‍ എട്ട് ദിവസം ഇങ്ങനെ കോതമംഗലം പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് കിടന്നു. വാഹനങ്ങളെ ഈ ദുര്‍ഗതിയില്‍ നിന്ന് രക്ഷിക്കാന്‍ ഉടമ  റോയി കുര്യനും സംഘവും കോതമംഗലം കോടതിയിൽ ഹാജരായി.   രണ്ട് ആൾ ജാമ്യവും തത്തുല്യമായ ഈടിൻ മേലും വാഹനങ്ങൾ വിട്ടു കൊടുക്കാൻ കോതമംഗലം മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

ഡ്രൈവർമാർക്ക് പരിശീലനം നൽകാനായിരുന്നു വാഹനങ്ങൾ നിരത്തിലിറക്കിയതെന്നും കുറ്റബോധം തോന്നാവുന്ന രീതിയിലുള്ള വലിയ കുറ്റമൊന്നും താൻ ചെയ്തിട്ടില്ലെന്നും റോയി വ്യക്തമാക്കി.ഇടുക്കി രാജാക്കാട് ബെല്ലി ഡാൻസ് ഉൾപ്പെടെ നിശാപാർട്ടി സംഘടിപ്പിച്ച വിവാദം കെട്ടടങ്ങും മുന്‍പാണ് കോതമംഗലത്ത് നടത്തിയ റോഡ് ഷോയും വിവാദത്തിലായത്.